പാലക്കാട്: ബിജെപി പണമൊഴുക്കുന്നുവെന്ന പി സരിന്റെ ആരോപണത്തിന് ചുട്ടമറുപടിയുമായി പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പണമൊഴുക്കുന്നുണ്ടെങ്കിൽ സരിൻ അത് തെളിയിക്കണമെന്നും താൻ വെല്ലുവിളിക്കുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണങ്ങൾ ഉന്നയിക്കുന്ന സരിൻ തെളിവുകളും പുറത്തുവിടണം. സരിൻ പ്രതിരോധിക്കേണ്ടത് യുഡിഎഫിനെയാണ്. സിപിഎം ജില്ലാ സെക്രട്ടറിയുടെ സ്പോൺസർ സ്ഥാനാർത്ഥിയാണ് സരിൻ. തിരൂർ സതീഷിന് പിന്നിലുള്ള പി ആർ ഏജൻസി ഏതാണെന്ന് പരിശോധിക്കണം. രണ്ട് മുന്നണികളും സതീഷിനെ നന്നായി ഉപയോഗിക്കുന്നുണ്ട്. ശോഭ സുരേന്ദ്രനെ മാത്രമല്ല, മുൻനിര ബിജെപി നേതാക്കളെയെല്ലാം സിപിഎം ആക്രമിക്കുകയാണ്.
ഹസ്തദാന വിവാദത്തിൽ ഷാഫിക്കും രാഹുലിനും വി ഡി സതീശൻ നിഷ്കളങ്കത്വം ചാർത്തി കൊടുക്കേണ്ട. ഹസ്തദാനം നൽകാത്തതിലൂടെ അവരുടെ യഥാർത്ഥ മുഖമാണ് പുറത്തുവന്നത്. ശത്രുക്കളായല്ല, രാഷ്‌ട്രീയ എതിരാളികളായി മാത്രമാണ് കാണേണ്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു.