കരീന കപൂർ ചിത്രത്തിലൂടെ നടൻ പൃഥ്വിരാജ് വീണ്ടും ബോളിവുഡ്ഡിലേക്ക്. സംവിധായക മേഘ്‌ന ഗുൽസാറിന്റെ പുതിയ ചിത്രത്തിലേക്കാണ് പൃഥ്വിരാജിന് ഓഫർ ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ബോളിവുഡിലെ മുൻനിര നടന്മാരായ ആയുഷ്മാൻ ഖുറാനയും സിദ്ധാർത്ഥ് മൽഹോത്രയും പിന്മാറിയതിന് പിന്നാലെയാണ് പൃഥ്വിരാജിനെ സമീപിച്ചതെന്നാണ് വിവരം.
ദായര എന്നാണ് ചിത്രത്തിന്റെ പേര്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ദായര ഒരുങ്ങുന്നത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നതെന്നാണ് സൂചന. ഇതുവരെ പരീക്ഷിക്കാത്ത വേറിട്ട കഥാപാത്രത്തിലാണ് കരീന കപൂർ ചിത്രത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
നേരത്തെ അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ബഡേ മിയാൻ, ചോട്ടെ മിയാൻ എന്ന സിനിമയിലൂടെ പൃഥ്വിരാജ് ബോളിവുഡ്ഡിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. ബോക്‌സോഫീസിൽ വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധനേടാനും പൃഥ്വിരാജിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പൃഥ്വിരാജ് ബോളിവുഡിലേക്ക് ചുവടുവയ്‌ക്കുന്നത്.