കോഴിക്കോട്: തൃശൂർ പൂരത്തിന് ആംബുലൻസിൽ എത്തിയതിന്റെ പേരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്ത സംഭവത്തിനെതിരെ വിമർശനവുമായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഒരു സംസ്ഥാനത്തും നടക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും ഇവിടം വെള്ളരിക്കാപ്പട്ടണമായോ എന്നും ഗവർണർ ചോദിച്ചു. കോഴിക്കോട് നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
സാധാരണ ഗതിയിൽ ആർക്കെങ്കിലും ഒരു അപകടം വന്നാൽ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതാണ് ആംബുലൻസ്. അന്ന് സുരേഷ് ഗോപിയ്‌ക്ക് നടക്കാൻ സാധിക്കുമായിരുന്നോ ഇല്ലയോ, ആംബുലൻസ് ആര് അനുവദിച്ചു എന്നൊന്നും അറിയാതെയാണ് സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഐപിസി 279 ഉൾപ്പെടെ വാഹന നിയമപ്രകാരമുള്ള ചില വകുപ്പുകൾ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഇതെന്താ കേരളം വെള്ളരിക്കാപ്പട്ടണമാണോ. ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങൾ കാണുമ്പോൾ ഒരു മലയാളി എന്ന നിലയിൽ ഒന്നും പറയാതിരിക്കാൻ കഴുയുന്നില്ല. ഒരിടത്തും നടക്കാത്ത കാര്യങ്ങളൊക്കെയാണ് കേരളത്തിൽ നടക്കുന്നതെന്നും പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്തതിന് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ കെ അനീഷ് കുമാർ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് പൂരം വെടിക്കെട്ട് നടത്താൻ സാധിച്ചതെന്നും ആ വിരോധം തീർക്കാൻ വേണ്ടിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും അനീഷ് കുമാർ വ്യക്തമാക്കി.