പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ തീയതി മാറ്റി. നവംബർ 20- ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. വോട്ടെണ്ണൽ 23-ന് തന്നെ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നവംബർ 13-നാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, അന്നേ ദിവസം കൽപ്പാത്തി രഥോത്സവം നടക്കാനിരിക്കുന്നതിനാൽ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു.
രഥോത്സവത്തിന്റെ പ്രാധാന്യം പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. കേരളത്തിന് പുറമേ പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളും പുനക്രമീകരിച്ചിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലെ 14 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾക്കാണ് മാറ്റം.
കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കത്ത് നൽകിയിരുന്നു. രഥോത്സവത്തിന്റെ തുടക്കദിനമായ നവംബർ 13-ന് തെരഞ്ഞെടുപ്പ് നടത്തിയാൽ ഈ മേഖലയിലെ വോട്ടർമാർക്ക് വോട്ട് ചെയ്യാനാകില്ലെന്നും ഇക്കാര്യത്തിൽ പുനപരിശോധന നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.