കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയിൽ രുചിയിടമാകാൻ പഴയിടത്തിന്റെ പാചക കേന്ദ്രങ്ങളും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 6 കേന്ദ്രങ്ങളിലായാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇവയ്‌ക്കൊപ്പം ഭക്ഷണവിതരണ കേന്ദ്രങ്ങളുമൊരുക്കിയിട്ടുണ്ട്. 17 വേദികളിലായി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി 12 ഭക്ഷണ വിതരണ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പ്രദേശികത്തനിമയുള്ള പേരുകളിലാണ് 12 ഭക്ഷണ വിതരണ പന്തലുകളും പ്രവർത്തിക്കുന്നത്. മഹാരാജാസിലെ ഭക്ഷണ വിതരണശാല രുചിയിടമെന്ന പേരിലാണ് അറിയപ്പെടുന്നത്. കൊച്ചിൻ കഫേ, കടലോരം എന്നിങ്ങനെയാണ് മറ്റ് ഭക്ഷണശാലകൾ. പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാന ഭക്ഷണ പന്തൽ മഹാരാജാസ് സ്റ്റേഡിയത്താട് ചേർന്നാണ് സജ്ജമാക്കുന്നത്. കായിക മേളയിൽ 24,000 പേർക്ക് ഭക്ഷണമൊരുക്കുന്നത് പുതിയ അനുഭവമാണെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.
സ്പോർട്സ് അതോറിറ്റി അംഗീകരിച്ച ഭക്ഷണമാണ് തയാറാക്കുന്നത്. 300 ഓളം പേരാണ് പഴയിടത്തിന്റെ പാചക സംഘത്തിലുള്ളത്.
മാദ്ധ്യമ പ്രവർത്തകർക്കുള്ള പാസുകളുടെ വിതരണോദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ടി ജെ വിനോദ് എം എൽ എ, കായിക മേളയുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് എന്നിവർ പങ്കെടുത്തു.















