ബ്രാംപ്ടൺ: കാനഡയിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് നേരെയുണ്ടായ ഖലിസ്ഥാൻ ഭീകരവാദികളുടെ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓന്ററിയോ സിഖ് സംഘടനയും ഗുരുദ്വാര കൗൺസിലും. സമൂഹത്തിൽ ആക്രമണത്തിന് സ്ഥാനമില്ലെന്നും സംഘടന വ്യക്തമാക്കി. ശക്തമായ നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഓന്ററിയോ സിഖ് സംഘടന അധികൃതരോട് ആവശ്യപ്പെട്ടു.
” ബ്രാംപ്ടണിലെ ഗോർ റോഡിൽ ഹിന്ദു സഭാ മന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അപലപിക്കുന്നു. ആക്രമണങ്ങൾക്കും ഭീഷണികൾക്കും സമൂഹത്തിൽ സ്ഥാനമില്ല. സമാധാനവും ഐക്യവും പരസ്പര ബഹുമാനവുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”- ഒഎസ്ജിസിയുടെ പ്രസ്താവനയിൽ പറയുന്നു.
ആരാധനാലയങ്ങളിൽ ആക്രമണങ്ങളും ഭീകരാന്തരീക്ഷവും സൃഷ്ടിക്കരുത്. ആരാധനാലയങ്ങൾ ആത്മീയതയ്‌ക്കും സമൂഹ ഐക്യത്തിനുമുള്ള വിശുദ്ധ ഇടങ്ങളായി തുടരണം. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കണം. ക്ഷേത്രത്തിന് പുറത്ത് നടന്ന സംഭവം നമ്മുടെ സമൂഹത്തിൽ പരസ്പര ധാരണയുടെയും പരസ്പര ബഹുമാനത്തിന്റെയും ആവശ്യകതയെ കുറിച്ചുള്ള വേദനാജനകമായ ഓർമ്മപ്പെടുത്തലാണെന്നും പ്രസ്താവനയിൽ പറയുന്നു.
എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഒഎസ്ജിസി പ്രതിജ്ഞാബദ്ധമാണ്. ക്ഷേത്രത്തിന് പുറത്തുണ്ടായ ആക്രമണം അന്വേഷിക്കാൻ അധികൃതർ തയ്യാറാവണം. ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഖാലിസ്ഥാൻ പതാകളുമായി എത്തിയ ഭീകരവാദികൾ ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. ഇന്ത്യക്കാർക്കെതിരെ ആക്രമണം നടത്തുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് കനേഡിയൻ എംപി ചന്ദ്ര ആര്യയും പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു.















