കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടർ അരുൺ കെ.വിജയനെ ചെയ്യാത്ത തെറ്റിന്റെ പേരിൽ ക്രൂശിക്കുന്നുവെന്ന് ഐഎഎസ് അസോസിയേഷന്റെ പരാതി. കളക്ടറെ ഒറ്റതിരിഞ്ഞ് അക്രമിക്കുന്നുവെന്നും ഉദ്യോഗസ്ഥരാകുമ്പോൾ പ്രതികരിക്കാൻ പരിമിതികളുണ്ടെന്നുമാണ് അസോസിയേഷന്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറി സർക്കാരിനെ അറിയിക്കും
ജനാധിപത്യ വ്യവസ്ഥയിൽ ഉദ്യോഗസ്ഥ സംവിധാനം പലപ്പോഴും നിശബ്ദരാകേണ്ടി വരുമെന്നും പരാതിയിൽ പറയുന്നു. പിപി ദിവ്യയെ തടയുന്നതിലടക്കം കളക്ടർക്ക് പരിമിതിയുണ്ട്. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥരെ വേട്ടയാടിയാൽ ധാർമികമായി തകർക്കുന്നതിനു തുല്യമാകുമെന്നാണ് പൊതുവികാരമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം അസോസിയേഷനിലെ മുതിർന്ന അംഗമായ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി സർക്കാരിനെ അറിയിക്കും.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. നവീൻബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ കളക്ടർ പാലിച്ച മൗനവും കേസന്വേഷണ വേളയിലെ മൊഴി വൈരുദ്ധ്യങ്ങളും കളക്ടറേയും സംശയനിഴലിൽ നിർത്തുന്നുണ്ട്. നവീൻ ബാബുവിന്റെ ഭാര്യയും കളക്ടർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ സഹചര്യത്തിലാണ് കണ്ണൂർ കളക്ടറെ സംരക്ഷിക്കുന്ന തരത്തിൽ ഐഎഎസ് അസോസിയേഷൻ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
അതോടൊപ്പം സർവീസ് ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെ ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിലും അതൃപ്തി അറിയിച്ചിട്ടുണ്ട്.ഐ.എ.എസ് ഉദ്യോഗസ്ഥനെ ഒരു തസ്തികയിൽ കുറഞ്ഞതു രണ്ടു വർഷമെങ്കിൽ തുടരാൻ അനുവദിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാൽ ഇവയൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് അസോസിയേഷന്റെ പരാതി.സംസ്ഥാനത്തെ ആകെയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരിൽ 12 പേർ മാത്രമാണ് ഒരു പദവിയിൽ കുറഞ്ഞതു രണ്ടു വർഷം പൂർത്തിയാക്കിയിട്ടുള്ളതെന്നും കണക്കുകളിൽ വ്യക്തമാക്കുന്നു.















