അമരാവതി: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു സഭാ ക്ഷേത്രത്തിലെ ഭക്തർക്ക് നേരെയുണ്ടായ ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ഓർക്കുമ്പോൾ ആശങ്കയുണ്ടെന്നും ഹൈന്ദവരുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ കനേഡിയൻ ഗവൺമെന്റ് ഉടനടി സ്വീകരിക്കണമെന്നും പവൻ കല്യാൺ വ്യക്തമാക്കി.
കാനഡയിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണം വേദനാജനകമാണ്. വേദനയോടൊപ്പം ആശങ്ക ഉളവാക്കുന്ന സംഭവമാണിത്. ഹൈന്ദവ സമൂഹത്തിന്റെ സുരക്ഷയ്‌ക്കായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വേണ്ട നടപടികൾ സ്വീകരിക്കണം. ഇത് കേവലം അഭ്യർത്ഥനയായി കാണരുത്, ഹൈന്ദവ സമൂഹത്തെ സംരക്ഷിക്കുന്നതിനായുള്ള ആഹ്വാനമാണ്. ലോകത്തോടുള്ള ആഹ്വാനമാണിത്. ഹൈന്ദവർ ഒറ്റക്കെട്ടായി നിൽക്കണം. ഏത് ദുഷ്ടശക്തിയെയും ഒരുമിച്ച് നേരിടണമെന്നും പവൻ കല്യാൺ എക്സിൽ കുറിച്ചു.
ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനുള്ള ഭീരുത്വം നിറഞ്ഞ ശ്രമങ്ങളാണ് നടുക്കുന്നതെന്ന് ആക്രമണത്തെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കനേഡിയൻ സർക്കാർ നിയമാനുസൃതമായി മുന്നോട്ട് പോകുമെന്നും നീതി ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
ഖാലിസ്ഥാൻ ആക്രമണത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ആശങ്ക പ്രകടപ്പിച്ചിരുന്നു. ഇനി ഒരു ആരാധനാലയങ്ങൾക്ക് നേരെയും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് കനേഡിയൻ ഗവൺമെന്റ് ഉറപ്പാക്കണമെന്നും ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.