എറണാകുളം: നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൻ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് സാന്ദ്രയെ പുറത്താക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. നേരത്തെ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ സംഘടനയിൽ നിന്ന് പുറത്താക്കിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഭിന്നത ഉണ്ടായിരുന്നു. സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി സാന്ദ്ര തോമസ് ഉൾപ്പെടെയുള്ള വനിതാ നിർമാതാക്കൾ രംഗത്തെത്തി. സംഘടനയുടെ നേതൃമാറ്റം ആവശ്യപ്പെട്ട് സാന്ദ്ര തോമസും ഷീല കുര്യനും നേതൃത്വത്തിന് കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിനെ പിന്നാലെയാണ് സാന്ദ്രക്കെതിരെ നടപടി സ്വീകരിച്ചത്.
ഇതൊരു പ്രതികാര നടപടിയാണെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. സംഘനയിൽ സ്ത്രീസൗഹൃദ അന്തരീക്ഷമില്ലെന്നും തന്നെ നിശബ്ദയാക്കാൻ ശ്രമിക്കുന്നതിലൂടെ ബാക്കിയുള്ള സ്ത്രീകളെയും നിശബ്ദരാക്കാനാണ് സംഘടന ശ്രമിക്കുന്നതെന്നും സാന്ദ്ര പറഞ്ഞു.
മലയാള സിനിമാ മേഖല സ്ത്രീ വിരുദ്ധമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പവർ ഗ്രൂപ്പ് ശക്തമാണെന്നുമായിരുന്നു സംഘടനക്കെതിരെയുള്ള സാന്ദ്രയുടെ ആരോപണം. പ്രശ്നം പരിഹരിക്കാൻ വിളിച്ച, താൻ അപമാനിക്കപ്പെട്ടുവെന്നും സംഭവം മറ്റ് ഭാരവാഹികളെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും സാന്ദ്ര ആരോപിച്ചു.















