കാലങ്ങളോളം മനസ്സിൽ പകയും പ്രതികാരവും സൂക്ഷിക്കുന്നവരാണ് മനുഷ്യർ. ആനയുടെയും പാമ്പിന്റെയും കാര്യത്തിലും പലപ്പോഴും പക ചേർത്ത് പറയാറുണ്ട്. എന്നാൽ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത, നമ്മുടെ സ്വന്തം കാക്കയ്‌ക്ക് പകയുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. കാക്കയ്‌ക്ക് മനുഷ്യനോട് പക തോന്നിയാൽ 17 വർഷം വരെ അത് ഓർത്ത് വെച്ച് പ്രതികാരം ചെയ്യുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ ജോൺ മാർസ്ലഫിന്റെ ഗവേഷണത്തിന് പിന്നിൽ . 2006-ലാണ് ആദ്യമായി കാക്കയുടെ പ്രതികാരം അദ്ദേഹം പരീക്ഷിച്ചത്. ഇതിനായി ഭൂതത്തിന്റെ മുഖംമൂടി ധരിച്ച് ഏഴ് കാക്കകളെ വലവിരിച്ച് പിടികൂടി.
തുടർന്ന് എളുപ്പം തിരിച്ചറിയാനായി അവയുടെ ചിറകുകൾ പ്രത്യേക അടയാളം രേഖപ്പെടുത്തി വിട്ടയച്ചു. പിന്നീട് മുഖംമൂടി ധരിച്ച് അദ്ദേഹം പുറത്തിറങ്ങുമ്പോൾ കാക്കകൾ പിന്തുടർന്ന് ആക്രമിക്കുന്നത് പതിവായി.
മുഖം മൂടി ധരിക്കുമ്പോഴുള്ള കാക്ക കൂട്ടത്തിന്റെ ആക്രമണം ഏഴു വർഷത്തോളം തുടർന്നു. 2013ന് ശേഷം ആക്രമണം ക്രമേണ കുറഞ്ഞു തുടങ്ങി. 17 വർഷത്തിനുശേഷം ഇത് പൂർണ്ണമായും ഇല്ലാതായി. 2023 സെപ്റ്റംബറിലാണ് കാക്ക പകയ്‌ക്ക് അന്ത്യമായത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഗവേഷണം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രൊഫസർ ജോൺ മാർസ്‌ലാഫ്.