ഡൽഹി: പാർലമെൻ്റിന്റെ ശീതകാല സമ്മേളനം നവംബർ 25 ന് ആരംഭിച്ച് ഡിസംബർ 20 ന് അവസാനിക്കും. ഭരണഘടനയുടെ 75-ാം വാർഷികമായ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കും. അന്നേ ദിവസം പഴയ പാർലമെൻ്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സംയുക്ത സമ്മേളനം നടക്കുമെന്ന് കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.
വഖ്ഫ് ഭേദഗതി ബില്ലിൽ ഏവരും പ്രതീക്ഷയർപ്പിച്ച് നിൽക്കുന്നതിനിടെയാണ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ വഖ്ഫ് ബില്ലുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജെപിസിക്ക് റിപ്പോർട്ട് അവതരിപ്പിക്കും. ബിൽ ഈ സമ്മേളനത്തിൽ പാസാക്കാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രസർക്കാർ മുമ്പ് തന്നെ ആരംഭിച്ചിരുന്നു.
ശീതകാല സമ്മേളത്തിൽ വഖ്ഫ് (ഭേദഗതി) ബിൽ 2024 പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. കൂടാതെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് എന്നിവ ഉടൻ പ്രയോഗത്തിൽ വരുമെന്ന സൂചനകൾ കഴിഞ്ഞ ഏകതാ ദിനത്തിൽ പ്രധാനമന്ത്രി നൽകിയിരുന്നു.കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്രസർക്കാർ പാർലമെൻ്റിൽ വിശദീകരിക്കുമെന്നും സൂചനയുണ്ട്.















