കണ്ണൂർ: എഡിമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം കൃത്യമായി നടന്നില്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോൺ എസ്. റാൽഫ്. കളക്ടറുടെ മൊഴി ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടും. അന്വേഷണ സംഘം പ്രശാന്തന്റെയോ, കളക്ടറുടെയോ, പിപി ദിവ്യയുടെയോ കോൾ വിവരങ്ങൾ എടുത്തില്ല. കളക്ടർ രണ്ടാമത് നൽകിയ മൊഴി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സംശയിക്കുന്നത്.
തനിക്ക് തെറ്റുപറ്റിയെന്ന കാര്യം നവീൻ ബാബു പറഞ്ഞിരുന്നതായി കളക്ടറുടെ ആദ്യ മൊഴിയിലുണ്ടായിരുന്നില്ല. ഏത് സാഹചര്യത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് വെളിപ്പെടുത്താനും കളക്ടർ തയ്യാറാവുന്നില്ലെന്നും ജോൺ എസ്. റാൽഫ് പറഞ്ഞു.
കളക്ടർ ആരെയോ ഭയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകൾ നവീൻ ബാബുവിന്റെ കുടുംബം സംശയത്തോടെയാണ് കാണുന്നത്. നവീൻ ബാബുവിന് നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി പ്രസ്താവന കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.