തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുത്തശ്ശിയുടെ കാമുകനായ പ്രതിക്ക് മരണംവരെ ഇരട്ട ജീവപര്യന്തവും കഠിന തടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷവിധിച്ചത്. 60,000 രൂപ പിഴയായി കുട്ടിക്ക് നൽകാനും കോടതി ആവശ്യപ്പെട്ടു.
പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. ഇതിനുപുറമെ 14 വർഷം കഠിന തടവും അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2020-2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ഉപേക്ഷിച്ച ഒൻപതും, ആറും വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കഴിഞ്ഞയാഴ്ച ഇയാൾക്ക് ഇരട്ട ജീവപര്യന്തവും കഠിന തടവും വിധിച്ചിരുന്നു. 9 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് പ്രതിക്ക് വീണ്ടും ശിക്ഷ വിധിച്ചത്.
മാതാപിതാക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടികൾ. മുത്തശ്ശിയുടെ ഭർത്താവും ഇവരെ ഉപേക്ഷിച്ചിരുന്നു. ഈ സമയത്താണ് പ്രതിയുമായി ഇവർ അടുപ്പത്തിലാവുന്നത്. എന്നാൽ മുത്തശ്ശി പുറത്തുപോകുന്ന സമയങ്ങളിൽ പ്രതി കുട്ടികളെ ഒരുമിച്ച് പീഡിപ്പിക്കാൻ തുടങ്ങുകയും വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർച്ചയായുള്ള പീഡനത്തെ തുടർന്ന് കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു. തുടർന്ന് കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസിയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയിച്ചത്. ഇതോടെ കുട്ടികളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
കേസിൽ മൊഴി പറഞ്ഞാൽ തനിക്ക് നാണക്കേടാണെന്ന് കുട്ടികളുടെ പിതാവ് പറഞ്ഞിരുന്നു. എന്നാൽ പ്രതിക്കെതിരെ കുട്ടി മൊഴി നൽകുകയായിരുന്നു. തങ്ങളുടെ മുന്നിൽ വച്ച് മുത്തശ്ശി പ്രതിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ടെന്നും കുട്ടികൾ മൊഴി നൽകി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ. വൈ. അഖിലേഷ് എന്നിവർ ഹാജരായി.















