ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ പുതിയ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഈ ആഴ്ച അവസാനത്തോടെ പുറത്തുവിടുന്ന എപ്പിസോഡിൽ നാല് വിശിഷ്ടാതിഥികളാണ് എത്തുന്നത്. ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തിയും അദ്ദേഹത്തിന്റെ ഭാര്യയും രാജ്യസഭാ അംഗവുമായ സുധാ മൂർത്തിയുമാണ് പരിപാടിയുടെ മുഖ്യ ആകർഷണം.
ഇരുവരുടെയും പ്രണയകഥ കേൾക്കാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട ടീസർ നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്. സുധാ മൂർത്തിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവത്തിന്റെ ചെറിയ ഭാഗമാണ് ടീസറായി പുറത്തുവിട്ടിരിക്കുന്നത്.
ആദ്യമായി സുധ തങ്ങളുടെ വീട്ടിലേക്ക് വന്നപ്പോൾ ശുദ്ധവായു ശ്വസിച്ച അനുഭൂതിയായിരുന്നുവെന്നാണ് നാരായണ മൂർത്തി പറയുന്നത്. പിന്നാലെ സുധാ മൂർത്തിയുടെ മറുപടിയും വന്നു. ”ഞങ്ങളുടെ ശീലങ്ങൾ പലപ്പോഴും സമാനമാണ്. ഞാൻ ഇദ്ദേഹത്തെ പോലെ കഠിനാധ്വാനിയായ ഒരു വ്യക്തിയാണ്. എന്നാൽ എനിക്ക് പാചകം വശമില്ല. അതിൽ ഞാൻ പുറകോട്ടാണ്. എന്നാൽ അദ്ദേഹം ഒരിക്കലും അതിൽ പരാതിപ്പെട്ടിട്ടില്ല.
കണ്ടില്ലേ അദ്ദേഹത്തിന്റെ ശരീരം ഇരിക്കുന്നത്? എന്റെ പാചകത്തിന് നന്ദി പറയണം.”- സുധാ മൂർത്തി പറഞ്ഞു.
സൊമാറ്റോ സഹ-സ്ഥാപകനായ ദീപിന്ദർ ഗോയലും അദ്ദേഹത്തിന്റെ ഭാര്യയും സുധാ മൂർത്തിക്കും നാരായണ മൂർത്തിക്കുമൊപ്പം പരിപാടിയുടെ ഭാഗമാവുന്നുണ്ട്. ശനിയാഴ്ച നെറ്റ്ഫ്‌ളിക്‌സിലൂടെ എപ്പിസോഡ് പുറത്തുവിടും.