ന്യൂഡൽഹി: കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധവും ചൈനയുമായുള്ള ഉഭയക്ഷി ബന്ധവും സംബന്ധിച്ച വിഷയങ്ങൾ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയെ അറിയിക്കും. നാളെ രാവിലെ 11 മണിക്ക് കോൺഗ്രസ് എംപി ശശിതരൂരിന്റെ അദ്ധ്യക്ഷതയിലാണ് കമ്മിറ്റി ചേരുന്നത്. ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ സംബന്ധിച്ചുള്ള വിഷയങ്ങളും കമ്മിറ്റിയിൽ ചർച്ചയാകും.
കാനഡയുടെ ഇന്ത്യാവിരുദ്ധ നയങ്ങളും ഇന്ത്യക്കാർക്കെതിരെ അഴിച്ചുവിടുന്ന ആക്രമണങ്ങളും ചർച്ചയുടെ ഭാഗമാകും. ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കനേഡിയർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാൻബെറയുമായുള്ള ബന്ധം വളഷായത് സംബന്ധിച്ചുള്ള വിശദീകരണവും കമ്മിറ്റിയിൽ നൽകുമെന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിലെത്തിയ ഇന്ത്യക്കാരെ ഖലിസ്ഥാൻ ഭീകരവാദികൾ ആക്രമിച്ച സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിക്കുകയും നീതി നടപ്പിലാക്കാൻ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്ഥിതിഗതികളും കമ്മിറ്റിയിൽ ചർച്ചയാകും.
അതേസമയം ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലുള്ള പട്രോളിംഗ് ക്രമീകരണങ്ങളിൽ ഇന്ത്യയും ചൈനയും പരസ്പരം ധാരണയിലെത്തിയിരുന്നു. ബ്രിക്‌സ് ഉച്ചക്കോടിക്കായി പ്രധാനമന്ത്രി റഷ്യയിലെത്തുകയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യ-ചൈന നയതന്ത്രബന്ധം വീണ്ടും പുനഃസ്ഥാപിച്ചത്.