കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചെന്നാരോപിച്ച് കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന നടത്തിയതിന് പിന്നാലെ ഫേസ്ബുക്ക് ലൈവുമായി സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. താൻ പാലക്കാടല്ല, കോഴിക്കോടാണുള്ളതെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശമാണ് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ടത്.
പണമടങ്ങിയ പെട്ടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ ഹോട്ടലിലെത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചുവെന്നും തുടർന്നാണ് റെയ്ഡ് എന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. പിന്നാലെ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കോഴിക്കോട് ടൗൺ സ്റ്റേഷന് മുന്നിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. താനുള്ളത് കോഴിക്കോട്ടാണെന്നും ട്രോളിബാഗിൽ പണമില്ലെന്നും രണ്ട് ദിവസത്തെ വസ്ത്രം മാത്രമാണുള്ളതെന്നും രാഹുൽ വീഡിയോയിൽ പറയുന്നു. നാളെ കാന്തപുരം ഉസ്താദിനെ കാണാനായാണ് കോഴിക്കോട് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. നഗരഹൃദയത്തിലാണ് ഈ ഹോട്ടലുള്ളതെന്നും ട്രോളി ബാദ് നിറയെ പണവുമായി ഒരാൾക്ക് വരാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് പൊലീസെന്നും രാഹുൽ ചോദിച്ചു.
ഇന്നലെ രാത്രിയാണ് നാടകീയ സംഭവവികാസങ്ങൾ പാലക്കാട് അരങ്ങേറിയത്. കോൺഗ്രസിന്റെ വനിതാ നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ ഉസ്മാന്റെയും ഹോട്ടൽമുറികളിലാണ് പരിശോധന നടത്തിയത്. വനിതാ പൊലീസ് ഇല്ലാതെയാണ് പരിശോധനയ്‌ക്കെത്തിയത്. റെയ്ഡ് നടത്താൻ അനുവദിക്കില്ലെന്നും വനിതാ ഉദ്യോഗസ്ഥ അറിയിച്ചിരുന്നു. അരമണിക്കൂറിനുള്ളിൽ വനിതാ ഉദ്യോഗസ്ഥയുമായെത്തി പരിശോധന പൂർത്തിയാക്കുകയായിരുന്നു.
കള്ളപ്പണം ഒളിപ്പിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധനയെന്നാണ് സിപിഎം ആരോപിക്കുന്നത്. എന്നാൽ പതിവ് പരിശോധന എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. 12-ഓളം മുറികൾ പരിശോധിച്ചെന്ന് എഎസ്പി അശ്വതി ജിജി അറിയിച്ചു.















