പാലക്കാട്: പൊലീസ് തകൃതിയിൽ പരിശോധന നടത്തുമ്പോൾ ഹോട്ടലിന് പുറത്ത് സിപിഎം, ബിജെപി നേതാക്കൾ തടിച്ചുകൂടിയിരുന്നു, ഒരാൾ ഒഴികെ. എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ കോൺഗ്രസ് നേതാവുമായിരുന്ന ഡോ. പി സരിന്റെ അഭാവം ചർച്ചയാവുകയാണ്. പാലക്കാട് നഗരത്തിൽ മണിക്കൂറുകൾ നീണ്ട നാടകീയരംഗങ്ങൾക്കിടയിലും സരിൻ സ്ഥലത്തെത്തിയില്ല.
ബിജെപിയിൽ നിന്ന് പണമെഴുകുന്നുവെന്നും അത് കോൺഗ്രസുകാർ കൈപ്പറ്റുന്നുവെന്നും ആദ്യം ആരോപണം ഉന്നയിച്ചത് എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ ആയിരുന്നു. മണിക്കൂറുകൾ നീണ്ട സംഘർഷത്തിനിടയിലോ ഒടുവിലോ സരിൻ സ്ഥലത്തെത്തിയിട്ടില്ല. സരിൻ എവിടെയെന്ന് എൽഡിഎഫിനും അറിയില്ല.
രാത്രിയാണെങ്കിൽ പോലും പരിശോധന നടത്തുന്നത് അറിഞ്ഞ് നേതാക്കളും പ്രവർത്തകരും എത്തിയെങ്കിലും സരിന്റെ അസാന്നിധ്യമാണ് ചർച്ച ചെയ്യപ്പെടുന്നത്. സരിന്റെ നിഴലായി പ്രചാരണത്തിലുണ്ടായിരുന്ന കല്യാശേരി എംഎൽഎ വിജിൻ, എഎ റഹീം തുടങ്ങിയ എല്ലാ നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
കള്ളപ്പണമൊഴുകുന്നുവെന്ന് ആരോപണം ഉന്നയിച്ചത് എൽഡിഎഫാണ്. തെരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലായിരുന്നു പൊലീസ് കെപിഎം ഹോട്ടലിൽ പരിശോധന നടത്തിയത്. സംഭവമറിഞ്ഞ് സിപിഎം, ബിജെപി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. പിന്നാലെ സിപിഎം- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. കോൺഗ്രസ് നേതാക്കൾ ഹോട്ടലിന് അകത്തേക്കും എത്തിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.















