പുതിയ ചിത്രത്തിൽ ഓർത്തഡോക്സ് സഭ മുൻ മെത്രാന്റെ പേര് ഉപയോഗിച്ചതിൽ ഖേദം പ്രകടിപ്പിച്ച് സംവിധായകൻ എം.എ നിഷാദ്. ചരിത്രപുരുഷന്റെ പേര് സിനിമയിൽ ഉപയോഗിക്കില്ലെന്നും സഭാ നേതൃത്വത്തിന് വാക്കുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഈ കാലഘട്ടത്തിലും ഒരു തരത്തിലും വികാരങ്ങളെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ എട്ടിന് റിലീസാകുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ചരിത്ര പുരുഷനായ ഓർത്തഡോക്സ് സഭ മുൻ ഭദ്രാസനാധിപനായ മാർ ഒസ്താത്തിയോസിന്റെ പേരുമായി സാദൃശ്യം വന്നുവെന്ന് പറഞ്ഞിരുന്നു. അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ പേര് വന്നുപോയി. അതിൽ ഖേദം പ്രകടിപ്പിക്കുന്നു- നിഷാദ് പറഞ്ഞു.
സഭാ ആസ്ഥാനമായ തിരുവല്ല ബഥനി അരമനയിൽ എത്തിയ നിഷാദ് സഭാ അദ്ധ്യക്ഷൻ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുമായി കൂടിക്കാഴ്ച നടത്തിയാണ് ക്ഷമ പറഞ്ഞത്. സംഭവം വിവാദമാക്കാൻ താൽപര്യമില്ലെന്നും പ്രശ്നം ചർച്ചയിലൂടെ രമ്യമായി പരിഹരിച്ചുവെന്നും സഭാ നേതൃത്വം വ്യക്തമാക്കി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പി.എം കുഞ്ഞിമൊയ്തീൻ, അദ്ദേഹത്തിന്റെ സേവന കാലത്ത് ഒരു കേസുമായി ബന്ധപ്പെട്ട സൂചനകളും അനുമാനങ്ങളും തന്റെ ഡയറിയിൽ കുറിച്ചിട്ടിരുന്നു. ഇതിലെ വരികൾ വികസിപ്പിച്ചാണ് മകൻ എംഎ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം.















