തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച് തടവ് പുള്ളി. തടവുകാരനായ ചാവക്കാട് സ്വദേശി ബിൻഷാദാണ് ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇഷ്ടിക കൊണ്ടുള്ള ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. വധശ്രമക്കേസിൽ വിചാരണ തടവുകാരനായി കഴിയുന്നയാളാണ് ബിൻഷാദ്.
ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. നേരത്തെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. ഏതാനും ദിവസമുൻപ് സഹതടവുകാരനായ മാവോയിസ്റ്റ് അനുഭാവി ചന്ദ്രുവിനെയും ഇയാൾ ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ ജയിൽ അധികൃതർ പൂജപ്പുര പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച കോഴിക്കോട് ജില്ലാ ജയിലിലും സമാനമായ സംഭവമുണ്ടായിരുന്നു. രണ്ട് പ്രതികൾ ചേർന്നാണ് ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.















