ബെംഗളൂരു: വഖ്ഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന ജോയിന്റ് പാർലമെന്ററി സമിതി വ്യാഴാഴ്ച വിജയപുരയിലെ കർഷകരെ കാണും. സമിതി അദ്ധ്യക്ഷനും ബിജെപി എംപിയുമായ ജഗദാംബിക പാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയപുരയിൽ എത്തുന്നത്.
വിജയപുരയിലെ 1500 ഏക്കർ കൃഷിഭൂമിക്ക് കർണ്ണാടക വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരുന്നു. നോട്ടീസ് ലഭിച്ചതോടെ കർഷക പ്രതിഷേധം ആളിക്കത്തി. തുടർന്ന് ബെംഗളൂരു സൗത്ത് എംപിയും ജെപിസി അംഗവുമായ തേജസ്വി സൂര്യ വിഷയം സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിജയപുരയിലെ കർഷകരെ കാണാൻ ജെപിസിയോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.
“ജെപിസി അദ്ധ്യക്ഷൻ കർഷകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്ന് തേജസ്വി സൂര്യ പറഞ്ഞു. വിവിധ മഠങ്ങൾക്ക് വഖ്ഫ് അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തിൽ അത്തരം വിഷയങ്ങളും ജെപിസിക്ക് മുമ്പാകെ വെക്കുമെന്നും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബറിലാണ് വിജയപുര ജില്ലയിലെ ഹോൻവാഡ ഗ്രാമത്തിലെ കൃഷി ഭൂമിക്ക് വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത്. 41 കർഷകർക്ക് ഇത് സംബന്ധിച്ച് നോട്ടീസും ലഭിച്ചു. കർണ്ണാടക സർക്കാരും വഖഫും തമ്മിലുള്ള ഒത്തുകളിയാണെന്ന് ബോധ്യമായതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്.
ഗഡഗ് ജില്ലയിലെ ശ്രീ അന്നദാനേശ്വർ മഠം, സിന്ദഗിരി താലൂക്കിലെ വിരക്തി മഠം, ശ്രീരംഗപട്ടണത്തെ മഹാദേവ പുര ചിക്കമ്മ ദേവി ക്ഷേത്രം അടക്കം സംസ്ഥാനത്തെ നിരവധി ആത്മിയ സ്ഥാപനങ്ങൾക്കും വഖ്ഫ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.















