ഷിംല: പ്രധാനമന്ത്രി സൂര്യ ഘർ പദ്ധതിക്കായി ഷിംല ജില്ലാ ഭരണകൂടത്തിന് ലഭിച്ചത് 13,000 അപേക്ഷകൾ. ഇവയിൽ 300 എണ്ണത്തിന് വകുപ്പുതല അംഗീകാരം ലഭിച്ചു. ഷിംല ഡെപ്യൂട്ടി കമ്മീഷണർ (DC) അനുപം കശ്യപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പദ്ധതിയുടെ ജില്ലാതല കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത്.
വീടുകളുടെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ 2 kW കപ്പാസിറ്റി വരെയുള്ള സോളാർ യൂണിറ്റുകളുടെ വിലയിൽ 60% സബ്‌സിഡി പദ്ധതിയുടെ ഭാഗമായി ലഭിക്കും. പദ്ധതി പ്രകാരം ഷിംല ജില്ലയിൽ ഇതുവരെ 300 അപേക്ഷകൾക്ക് വകുപ്പുതല അംഗീകാരം നൽകിയിട്ടുണ്ടെന്നും മറ്റ് അപേക്ഷകളിൽ സമയബന്ധിതമായി ഉചിതമായ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
ജില്ലയിൽ രണ്ടായിരത്തിലധികം ജനസംഖ്യയുള്ള റവന്യൂ വില്ലേജുകൾ മാതൃകാ സൗരോർജ്ജ ഗ്രാമങ്ങളായി വികസിപ്പിക്കുമെന്നും അനുപം കശ്യപ് കൂട്ടിച്ചേർത്തു. 2011-ലെ സെൻസസ് പ്രകാരം ജില്ലയിൽ രണ്ടായിരത്തിലധികം ജനസംഖ്യയുള്ള നാല് റവന്യൂ വില്ലേജുകളുണ്ട്- ചക്ഡെൽ, നെർവ, ത്യവൽ, സുന്ദ ഭൗർ. ആറ് മാസക്കാലയളവിൽ ഈ നാല് റിവന്യു വില്ലേജുകളും മാതൃകാ സൗരോർജ്ജ ഗ്രാമമായി തെരഞ്ഞെടുക്കാൻ മത്സരിക്കുമെന്നും ഇതിൽ വിജയിക്കുന്നവർക്ക് ഒരു കോടി രൂപ ഇൻസെന്റീവ് തുകയായി ലഭിക്കുമെന്നനും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.















