” ഞാൻ മരിക്കാൻ പോവുകയാണെന്ന് തോന്നി. ഇതെന്റെ അവസാനമാണെന്ന് സ്വയം മന്ത്രിച്ചു. രണ്ടാമതും എനിക്കൊരു അവസരം നൽകുന്നതിനായി പ്രാർത്ഥിച്ചു. കാരണം ഞാൻ ചെയ്ത തെറ്റുകളെല്ലാം എനിക്ക് ശരിയാക്കേണ്ടിയിരുന്നു.”- നടി മനീഷ കൊയ്‌രാളയുടെ ഹൃദയഭേദകമായ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
2012ൽ ഒവേറിയൻ കാൻസർ പിടിപ്പെട്ടെ സമയത്തെ കയ്‌പ്പേറിയ ഓർമ്മകളും രോഗത്തെ അതിജീവിച്ച വിവരങ്ങളുമാണ് മനീഷ ആരാധകരുമായി പങ്കുവച്ചത്. ” 2012 ൽ നേപ്പാളിലായിരുന്ന സമയത്താണ് ഒവേറിയൻ കാൻസർ ലാസ്റ്റ് സ്റ്റേജാണെന്ന് ഡോക്ടർമാർ പറയുന്നത്. എല്ലാവരെയും പോലെ ഞാൻ തരിച്ചു നിന്നു. ഒരുപാട് ഭയപ്പെട്ടു. ജാസ്ലോക് ആശുപത്രിയിലായിരുന്നു ചികിത്സ തേടിയിരുന്നത്. അവിടുത്തെ ഉന്നത ഡോക്ടർമാരുമായി വിവരങ്ങൾ ചോദിച്ചറിയുമ്പോൾ ഞാൻ മരിക്കാൻ പോവുകയാണെന്ന തോന്നൽ എന്റെ മനസിനെ അലട്ടിക്കൊണ്ടിരുന്നു.
പ്രതീക്ഷകളറ്റ, ഇരുട്ടുമൂടിയ, ഭയപ്പെടുത്തുന്ന നാളുകളിലൂടെയായിരുന്നു പിന്നീട് കടന്നുപോയത്. എനിക്കെന്റെ തെറ്റുകൾ തിരുത്തണമായിരുന്നു. അതിനായി രണ്ടാമതും ഒരവസരത്തിനായി ആശിച്ചു. എന്റെ ജോലികൾ കൂടുതൽ ഉത്തരവാദിത്വത്തോടെ ചെയ്ത് തീർക്കണമെന്ന് തോന്നി. മോശം സിനിമകൾ ചെയ്ത് എന്റെ ആരാധകരെ നിരാശപ്പെടുത്തി. തെറ്റ് തിരുത്താനായി എനിക്ക് രണ്ടാമത് ഒരവസരം തരണമെന്ന് പ്രാർത്ഥിച്ചിരുന്നു.”- മനീഷ കൊയ്‌രാള പറഞ്ഞു.
കാൻസർ ചികിത്സയ്‌ക്കായി ന്യൂയോർക്കിലേക്ക് പോയ രണ്ട് മൂന്ന് ആളുകളെ അറിയാമായിരുന്നു. അതിനാൽ ചികിത്സയ്‌ക്കായി ന്യൂയോർക്കിലേക്ക് പോകാൻ തീരുമാനിച്ചു. 5 മാസം ചികിത്സകളുടെ ഭാഗമായി അവിടെ തങ്ങി. നേപ്പാളിൽ നിന്നും പൂജചെയ്ത് അമ്മ കൊടുത്തുവിട്ട രുദ്രാക്ഷമാല സർജറിയുടെ ദിവസത്തിൽ ഞാൻ ഡോക്ടർക്ക് നൽകി. 11 മണിക്കൂർ നീണ്ട ഒപ്പറേഷൻ വിജയകരമായപ്പോൾ ‘ ഈ മാല അത്ഭുതങ്ങൾ ചെയ്തു’ വെന്നായിരുന്നു ഡോക്ടർ പറഞ്ഞതെന്നും മനീഷ വ്യക്തമാക്കി.















