വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന് ആശംസകൾ അറിയിച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തെരഞ്ഞെടുപ്പിൽ ട്രംപ് സ്വന്തമാക്കിയത് ഉജ്ജ്വല വിജയമാണെന്നും ഷെയ്ഖ് ഹസീന എക്‌സിൽ കുറിച്ചു.
ഡോണൾഡ് ട്രംപുമായും ഭാര്യ മെലാനിയ ട്രംപുമായും പ്രധാനമന്ത്രിയായിരിക്കെ താൻ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും പരസ്പരം സൗഹൃദം പങ്കിട്ടിട്ടുണ്ടെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ട്രംപിന്റെ കീഴിൽ അമേരിക്ക- ബംഗ്ലാദേശ് ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം പരസ്പര ധാരണയോടെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണമെന്നും ഹസീന എക്‌സിൽ കുറിച്ചു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച ട്രംപിന് ചാഞ്ചാട്ട സംസ്ഥാനങ്ങൾ അനുകൂല വിധിയെഴുതിയതോടെയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി കമല ഹാരിസ് പിന്തള്ളപ്പെട്ടത്. 127 വർഷത്തിന് ശേഷം ഇതാദ്യമായാണ്, ഒരിക്കൽ തോൽവിയറിഞ്ഞ പ്രസിഡന്റ് വീണ്ടും അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടങ്ങി ഒട്ടനവധി നേതാക്കൾ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചിരുന്നു.















