ബീജിങ്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെ ബഹുമാനിക്കുകയാണെന്നും, ട്രംപിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുകയാണെന്നും ചൈന. ട്രംപ് അധികാരത്തിലെത്തുന്നതിനെ ഏറ്റവും ആശങ്കയോടെ കാണുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. മുൻപ് ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് അമേരിക്കയുമായി അടുത്ത ബന്ധമായിരുന്നില്ല ചൈനയ്‌ക്കുണ്ടായിരുന്നത്. വ്യാപാരം, ടെക്‌നോളജി, സുരക്ഷ തുടങ്ങിയ പ്രധാന വിഷയങ്ങളിലെല്ലാം ഇരുകൂട്ടരും തമ്മിൽ വലിയ രീതിയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. മാത്രമല്ല ട്രംപ് കടുത്ത രീതിയിൽ ചൈനീസ് വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറിയും ട്രംപിന്റെ സ്ഥാനാരോഹണത്തെ അൽപ്പം ആശങ്കയോടെയാണ് ചൈന നോക്കിക്കാണുന്നത്.
അമേരിക്കൻ ജനതയുടെ തെരഞ്ഞെടുപ്പിനെ ബഹുമാനിക്കുകയാണെന്നും, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ അഭിനന്ദിക്കുകയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. അമേരിക്കയും ചൈനയും അഭിപ്രായവ്യത്യാസങ്ങൾ ശരിയായി കൈകാര്യം ചെയ്യണമെന്നും, പ്രായോഗിക സമീപനമാണ് വേണ്ടതെന്നുമാണ് ചൈന ഡെയ്‌ലി ട്രംപിന്റെ വിജയത്തിന് പിന്നാലെ റിപ്പോർട്ട് ചെയ്തത്.
ട്രംപിന്റെ രണ്ടാം ടേമിൽ ചൈന-യുഎസ് ബന്ധം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന ഡെയ്‌ലിയുടെ എഡിറ്റോറിയലിൽ പറയുന്നു. തായ്‌വാൻ വിഷയം, ദക്ഷിണ ചൈന കടലിലെ കടന്നുകയറ്റം തുടങ്ങി വിഷയങ്ങളിലെല്ലാം പുതിയ യുഎസ് ഭരണകൂടവുമായി നയതന്ത്ര തലത്തിലുള്ള സംഭാഷണങ്ങളിലൂടെ പരിഹാരം കാണാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയും ചൈനയും പങ്കുവയ്‌ക്കുന്നുണ്ട്. അമേരിക്കയുടെ നയങ്ങളും ചൈനയോടുള്ള തെറ്റിദ്ധാരണകളുമാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിന് വെല്ലുവിളിയായി മാറുന്നതെന്നാണ് ചൈന ഡെയ്‌ലി പറയുന്നത്.















