തിരുവനന്തപുരം: പിന്നണി ഗായികയായി രാധികാ സുരേഷ്ഗോപി. ഷാജി കൈലാസിന്‍റെ മകന്‍ ജഗന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയ്‌ക്ക് വേണ്ടിയാണ് രാധിക വീണ്ടും പാടിയത്. കുടുംബ സൗഹൃദമാണ് ചിത്രത്തിലേക്ക് എത്തിച്ചതെന്ന് രാധികാ സുരേഷ് ഗോപി പറഞ്ഞു.
സ്കൂളിൽ പഠിക്കുന്ന സമയത്ത് എംജി രാധാകൃഷ്ണൻ സാറിന്റെ മ്യൂസിക്കൽ പാടിയിട്ടുണ്ട്. പിന്നെ ലോംഗ് ഗ്യാപ്പായി. ഉണ്ണിയാണ് (ജഗൻ) പാട്ട് പാടാമോ എന്ന് ചോദിച്ചത്. ചിത്രയാണ് (ആനി) ഇതിന്റെയെല്ലാം പുറകിൽ. വലിയ സന്തോഷമുണ്ടെന്നും രാധിക പറഞ്ഞു. രാധികാന്റിയുടെ പാട്ടിൽ ജഗനും സന്തോഷം പങ്കുവെച്ചു.
പാട്ടിന്റെ റെക്കോർഡിംഗ് കഴിഞ്ഞ ദിവസം നടന്നു. സുരേഷ് ഗോപിക്ക് വേണ്ടി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഇവരുടെ കുടുംബങ്ങൾ തമ്മിൽ വളരെ അടുത്ത സൗഹൃദമുണ്ട്. ഷാജി കൈലാസിന്റെ ഭാര്യ ആനിയുടെ നിർബന്ധമാണ് രാധികയെ വീണ്ടും പാട്ടുകാരിയാക്കിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് രഞ്ജൻ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സിജു വിൽസനും രഞ്ജി പണിക്കറും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.