ശ്രീനഗർ: ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീർ നിയമസഭയിൽ പ്രതിഷേധം. വിഘടനവാദി നേതാവും എംപിയുമായ എഞ്ചിനീയർ റാഷിദിന്റെ സഹോദരനും എഐപി എംഎൽഎയുമായ ഖുർഷിദ് ഷെയ്ഖ് ഉയർത്തിയ ബാനർ ബിജെപി അംഗങ്ങൾ പിടിച്ചുവാങ്ങി വലിച്ചു കീറി.
നിയമസഭ സമ്മേളിച്ചതിന് പിന്നാലെ ബുധനാഴ്ച പാസാക്കിയ പ്രമേയത്തിനെതിരെ ബിജെപി അംഗങ്ങൾ രംഗത്ത് വന്നു. ബജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ വിവാദ പ്രമേയത്തിന്മേൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് ഷെയ്ഖ് ഖുർഷീദ് ബാനറുമായി നടുത്തളത്തിലേക്ക് എടുത്ത് ചാടിയത്. ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണമെന്നായിരുന്നു ബാനറിലെ മുദ്രാവാക്യം.
പിന്നാലെ നടുത്തളത്തിൽ എത്തിയ ബിജെപിയുടെ അംഗങ്ങൾ ബാനർ ഖുർഷിദിന്റെ കൈയിൽ നിന്ന് പിടിച്ച് വാങ്ങി വലിച്ചു കീറി ദൂരെ എറിയുകയായിരുന്നു. ഇതിനിടെ നാഷണൽ കോൺഫറൻസ് അംഗങ്ങൾ ആർട്ടിക്കിൾ 370 എന്ന മുദ്രാവാക്യം ഉയർത്തിയതിന് മറുപടിയായി ബിജെപി എംഎൽഎമാർ “ഭാരത് മാതാ കീ ജയ്” ഉയർത്തി. ബഹളം തുടർന്നതോടെ സഭ 15 മിനിറ്റ് നിർത്തിവച്ചു.
#WATCH | A ruckus breaks out at J&K Assembly in Srinagar after Engineer Rashid’s brother & MLA Khurshid Ahmad Sheikh displayed a banner on Article 370. LoP Sunil Sharma objected to this. House adjourned briefly. pic.twitter.com/iKw8dQnRX1
— ANI (@ANI) November 7, 2024
വിഘടനവാദികൾ ഒന്നിച്ച് നിന്ന് അരാജകത്വം സൃഷ്ടിക്കുന്ന കാഴ്ചയ്‌ക്കാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. സജാദ് ലോൺ, വഹീദ് പാറ, നാഷണൽ കോൺഫറൻസ് അംഗങ്ങൾ എന്നിവരുൾപ്പെടെ ജയിലിൽ കിടക്കുന്ന വിഘടനവാദിയുടെ സഹോദരനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ആറ് വർഷത്തിന് ശേഷം തിങ്കളാഴ്ചയാണ് നിയമസഭ വീണ്ടും സമ്മേളിച്ചത്. ഇതിനിടെ ബുധനാഴ്ച പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ എംഎൽഎ വാഹിദ് പാറ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രമേയം കൊണ്ടുവന്നു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പുള്ള കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്രസർക്കാർ തയ്യാറാകണമെന്നാണ് പ്രമേയത്തിലെ ആവശ്യം. ബിജെപി അംഗങ്ങൾ പ്രമേയത്തിന്റെ പകർപ്പ് കീറിയെറിയുകയും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.