കൊച്ചി: തൃക്കാക്കരയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി നഗരസഭ ആരോഗ്യ വിഭാഗം. പരിശോധനയിൽ പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു.
പഴകിയ ചിക്കൻ, ബീഫ്, പെറോട്ട, ഫ്രൈഡ് റൈസ്, ന്യൂഡിൽസ് തുടങ്ങിയ ഭക്ഷണങ്ങളാണ് അധികൃതർ പരിശോധനയിൽ കണ്ടെത്തിയത്.
കാക്കനാട് കുന്നുംപുറത്തെ ഒറിഗാമി റെസ്റ്റോറന്റ്, ഫുൾ ഓൺ കഫേ, സലാം തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. ഈ ഹോട്ടലുകൾക്കെതിരെ മുൻപും പരാതികൾ ലഭിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച പരിശോധന നടത്തിയതിനുപിന്നാലെ കൂടുതൽ പരാതികൾ ഹോട്ടലുകൾക്കെതിരെ ലഭിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കാക്കനാടുളള ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ച യുവാവിന് ഭക്ഷ്യ വിഷബാധയുണ്ടാകുകയും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഈ മേഖലകളിൽ പരിശോധനകൾ സജീവമായിരുന്നെങ്കിലും പിന്നീട് അത് മന്ദഗതിയിലായി. ഇത് മുതലെടുത്താണ് ഹോട്ടലുകൾ വീണ്ടും മോശം ഭക്ഷണം നൽകിത്തുടങ്ങിയത്. ഇൻഫോപാർക്കിലും മറ്റും ജോലി ചെയ്യുന്നവരും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ധാരാളമായി താമസിക്കുന്ന സ്ഥലമാണ് കാക്കനാടും സമീപമുളള കുന്നുംപുറവും മറ്റും. ഭക്ഷണത്തിനായി ഇവിടെയുളള ഹോട്ടലുകളെ ആശ്രയിക്കുന്നവർ അസുഖബാധിതരാകുന്നത് പതിവാണെന്ന പരാതി വ്യാപകമാണ്.