വയനാട്: വയനാട് കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രങ്ങൾ പതിച്ച ഭക്ഷ്യകിറ്റുകൾ പിടികൂടി. തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ശശി കുമാറിന്റെ വീടിന് സമീപത്തെ മില്ലിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്.
ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് നൽകാനെന്ന് ഭക്ഷ്യ കിറ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വോട്ടിനായി കോൺഗ്രസ് കിറ്റുകൾ നൽകി ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നാണ് ഉയരുന്ന വിമർശനങ്ങൾ. കിറ്റുകളിൽ രാഹുൽ, സോണിയ, പ്രിയങ്ക, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ കോൺഗ്രസ് നേതാക്കളുടെ വലിയ ചിത്രങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് ഘടകത്തിന്റെ പേരും കിറ്റുകളിൽ പതിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി കിറ്റുകൾ പരിശോധിച്ച് വരികയാണ്. അതേസമയം ഉരുൾപൊട്ടൽ സമയത്ത് പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ എത്തിച്ച കിറ്റുകളാണെന്നാണ് കോൺഗ്രസിന്റെ വാദം.
തോൽപ്പെട്ടിയിൽ നിന്നും കർണാടകയിൽ നിന്നും വന്ന കിറ്റുകളാണിതെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. എല്ലാ പ്രദേശങ്ങളിലേക്കും കിറ്റുകൾ വിതരണം ചെയ്യാൻ സാധിക്കാതെ വന്നതോടെ അധികം വന്ന കിറ്റുകൾ മില്ലിൽ സൂക്ഷിക്കുകയായിരുന്നുവെന്നാണ് കോൺഗ്രസിന്റെ വിചിത്ര ന്യായീകരണം.