തൃശൂർ: നടത്തറ പഞ്ചായത്തിലെ തനതു ഫണ്ടിലെ ഒരു കോടിയോളം രൂപ ഇടതു പക്ഷം ഭരിക്കുന്ന മൂർക്കനിക്കര സഹകരണ ബാങ്കിൽ നിക്ഷേപിച്ചത് വിവാദമാകുന്നു. കരുവന്നൂർ മോഡൽ അഴിമതിക്ക് സാധ്യതയുള്ള സംഭവമാണിത്. ഇതിനെതിരെ പഞ്ചായത്ത് ഭരണ സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ രംഗത്ത് വന്നു.
മൂർക്കനിക്കര സഹകരണ സംഘത്തിൽ നിന്ന് തുക പിൻവലിച്ച് ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. തനതു ഫണ്ട് ഉപയോഗിച്ച നടത്തേണ്ട പല വികസന പ്രവർത്തനങ്ങളും മുടങ്ങിക്കിടക്കുകയാണ്. പഞ്ചായത്തിന്റെ ആവശ്യങ്ങൾക്ക് സഹകരണ ബാങ്കിൽ നിന്നും പണം സമയത്തു ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്.
ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കാനുള്ള സാഹചര്യമുള്ളപ്പോൾ തനത് ഫണ്ട് എടുത്ത് സഹകരണ ബാങ്കിൽ നിക്ഷേപിച്ചത് ദുരുദ്ദേശത്തോടെയാണ് എന്നാണ് പ്രതിപക്ഷ ആരോപണം. ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി രംഗത്തുവരാൻ ഒരുങ്ങുകയാണ് ബിജെപി. കരുവന്നൂരിന് പിന്നാലെ തൃശൂർ ജില്ലയിൽ ഇടതുപക്ഷം ഭരിക്കുന്ന പല സഹകരണ ബാങ്കുകളിലും തിരിമറിയുണ്ടെന്നുള്ള റിപ്പോർട്ടുകൾ നിലനിൽക്കെ ഡിപ്പോസിറ്റ് തുക എടുത്ത് പരസ്പരം അഡ്ജസ്റ്റ് ചെയ്യാനുള്ള തന്ത്രമാണ് ഇതെന്നാണ് വിവരം.