പത്തനംതിട്ട: ശബരിമല ദർശനത്തിന് ആധാർ കാർഡ് നിർബന്ധമാക്കി. ആധാർ കാർഡോ അതിന്റെ പകർപ്പോ നിർബന്ധമായും ഭക്തർ കൊണ്ടുവരണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ് പ്രശാന്ത് പറഞ്ഞു. പതിവിന് വിപരീതമായി ഓരോ ഭക്തന്റെയും ആധാർ പരിശോധിച്ച് ഉറപ്പ് വരുത്തുമെന്നും ഫോട്ടോ എടുത്ത് സൂക്ഷിക്കുമെന്നും പ്രശാന്ത് വ്യക്തമാക്കി.
70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും. പമ്പ , എരുമേലി , വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ തത്സമയ ഓൺലൈൻ ബുക്കിംങ് സംവിധാനം ഏർപ്പെടുത്തും. മണ്ഡലകാലത്ത് പതിനെട്ട് മണിക്കൂർ നട തുറക്കും. ഏരുമേലിയിലും പമ്പയിലും വാഹന പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തത്സമയ ബുക്കിംഗും ആയിരക്കണക്കിന് ആളുകളുടെ ആധാർ പരിശോധനയും എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനുണ്ടാകുന്ന ചെറിയ കാലതാമസം പോലും ദർശനത്തെ കാര്യമായി ബാധിക്കും.















