പാലക്കാട് നടന്ന പാതിരാറെയ്ഡിനെ ചൊല്ലിയുള്ള വിവാദങ്ങൾ അനുനിമിഷം കൊഴുക്കുകയാണ്. നീല ട്രോളി ബാഗ് വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വെട്ടിലാക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ കള്ളപ്പണം ആരോപണം കൂടുതൽ ബലപ്പെടുകയാണ്. നീല ട്രോളി കയറ്റിയ വാഹനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ കയറിയില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വിവാദ ദിവസം രാത്രി പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തേക്ക് ഇറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കള്ളപ്പണം നിറച്ച ബാഗാണെന്ന് ആരോപിക്കുന്ന നീലട്രോളി ബാഗിനെ ഫെനി നൈനാൻ വെള്ള ഇന്നോവ കാറിൽ കയറ്റുന്നു. രാഹുൽ മാങ്കൂട്ടത്തിൽ മറ്റൊരു കാറിൽ കയറി പോകുന്നു. നീലട്രോളി എടുത്ത് ഫെനി കാറിൽ കയറ്റുമ്പോൾ രാഹുലും ഒപ്പമുണ്ട്.
വസ്ത്രങ്ങളുമായി യാത്ര പോയെന്നായിരുന്നു രാഹുലിന്റെ വാദം. കോഴിക്കോട് എത്തിയപ്പോൾ നീല ട്രോളി ബാഗ് കൈവശമുണ്ടായിരുന്നതായി രാഹുൽ പറഞ്ഞിരുന്നു. എന്നാൽ ബാഗ് ഒരു കാറിലും രാഹുൽ മറ്റൊരു കാറിലും സഞ്ചരിച്ചതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. മാത്രവുമല്ല, രണ്ടായി സഞ്ചരിച്ചിട്ടും നീല ട്രോളി ബാഗ് എങ്ങനെ രാഹുലിന്റെ കൈയിൽ തിരിച്ചെത്തിയെന്ന ചോദ്യവും ഉയരുന്നുണ്ട്. കള്ളപ്പണത്തിന് രാഹുൽ പൈലറ്റ് പോയെന്നാണ് സിപിഎം ആരോപണം.















