ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത മാദ്ധ്യമ സ്ഥാപനത്തിന് കാനഡയിൽ വിലക്ക്. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗുമായി എസ് ജയശങ്കറിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ഓസ്ട്രേലിയ ടുഡേയ്‌ക്കാണ് കാനഡ വിലക്കേർപ്പെടുത്തിയത്. മാദ്ധ്യമ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ സോഷ്യൽമീഡിയ പേജുകളും ബ്ലോക്ക് ചെയ്തുവെന്നും വിചിത്രമായൊരു കാര്യമാണിതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.
‘എസ് ജയശങ്കറിന്റെയും പെന്നി വോംഗിന്റെയും അഭിമുഖം സ്പ്രേഷണം ചെയ്ത മാദ്ധ്യമസ്ഥാപനത്തിന് കാനഡ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. തികച്ചും വിചിത്രമായൊരു സംഭവമാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ എതിർപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്’- രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഒരു തെളിവുകളും ഇല്ലാതെയാണ് കാനഡ ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മേൽ നിരീക്ഷണം ഏർപ്പെടുത്തിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല, ഖാലിസ്ഥാൻ ഭീകരർക്കും അക്രമികൾക്കും കാനഡ രാഷ്‌ട്രീയ ഇടം നൽകുകയാണ് -എന്നതായിരുന്നു എസ് ജയശങ്കറിന്റെ വാക്കുകൾ. ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയൻ ടുഡേയ്‌ക്ക് കാനഡ വിലക്കേർപ്പെടുത്തിയത്.
ഇന്ത്യ- ഓസ്ട്രേലിയ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാല് ദിവസത്തെ സന്ദർശനത്തിനായാണ് ജയശങ്കർ ഓസ്ട്രേലിയയിലെത്തിയത്. സിഡ്‌നിയിലെ ന്യൂ സൗത്ത് വെയിൽസ് പാർലമെൻ്റിൽ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ബിസിനസ് പ്രമുഖരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി.















