മുംബൈ: എൻസിപി നേതാവും മഹാരാഷ്‌ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിന്റെ കൊലപാതക കേസിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പൂനെയിൽ നിന്നും പ്രതികളെ പിടികൂടിയത്. ആദിത്യ ഗുഡാൻകർ, റാഫിഖ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ നവംബർ 13 വരെ പൊലീസ് കസ്റ്റഡിയിൽവിട്ടു. ബാബ സിദ്ദിഖിനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾ ഗൂഢാലോചന നടത്തിയതായും കേസിൽ അറസ്റ്റിലായ മറ്റ് പ്രതികളെ ഇവർ നിരവധി തവണ സന്ദർശിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സിദ്ദിഖിനെ ആദ്യം കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്ന ഷൂട്ടർ സംഘവുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിൽ 18 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള ഒരാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 12-നായിരുന്നു ബാബ സിദ്ദിഖ് അക്രമികളുടെ വെടിയേറ്റ് കാെല്ലപ്പെടുന്നത്. മകൻ സീഷാന്റെ ഓഫീസിന് മുന്നിൽ വിജയദശമി ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴായിരുന്നു ആക്രമണം. ഇതിന് പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു. ബോളിവുഡ് നടൻ സൽമാൻ ഖാനുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ബിഷ്ണോയി സംഘത്തിന്റെ വെളിപ്പെടുത്തൽ.















