പ്രമുഖ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ വിവാദ നോവലായ ‘ചെകുത്താന്റെ വചനങ്ങൾ’ക്ക് (Satanic Verses) ഇന്ത്യയിൽ ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി നിരോധനം നീക്കി. ഡൽഹി ഹൈക്കോടതിയുടേതാണ് നടപടി. ജസ്റ്റിസ് ലേഖ പള്ളി അദ്ധ്യക്ഷയായ ബെഞ്ചിന്റേതാണ് തീരുമാനം. ഇറക്കുമതി നിരോധിച്ച തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിലെ നടപടികൾ ഡൽഹി ഹൈക്കോടതി തീർപ്പാക്കി. ഹർജിയുമായി ബന്ധപ്പെട്ട് പ്രസക്തമായ വിജ്ഞാപനങ്ങൾ ഹാജരാക്കാൻ അധികൃതർക്ക് കഴിയാത്തതിനാൽ നിരോധനത്തിന് ഇനി പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
1988 ഒക്ടോബർ അഞ്ചിന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് പുറത്തിറക്കിയ വിജ്ഞാപനം കാരണം തനിക്ക് പുസ്തകം ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ലെന്നായിരുന്നു ഹർജിക്കാരനായ സന്ദീപൻ ഖാൻ കോടതിയെ അറിയിച്ചത്. കസ്റ്റംസ് ആക്‌ട് പ്രകാരം പുസ്തകത്തിന്റെ ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള ഈ വിജ്ഞാപനം നിലവിലെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലും ബന്ധപ്പെട്ട അധികാരികളിലും ലഭ്യമല്ലെന്നും ഹർജിയിൽ പറയുന്നു. തുടർന്നാണ് കോടതിയുടെ നടപടി.
1988ൽ പുറത്തിറങ്ങിയ നോവൽ ആഗോളതലത്തിൽ വിവാദമാവുകയും തീവ്ര ഇസ്ലാമിസ്റ്റുകൾ പലരും അസഹിഷ്ണുത പുലർത്തുകയും ചെയ്തതോടെയായിരുന്നു കോൺഗ്രസ് സർക്കാർ ഇന്ത്യയിൽ റുഷ്ദിയുടെ പുസ്തകം വിലക്കിയത്. അക്കാലത്ത് രാജീവ് ഗാന്ധിയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. സൽമാൻ റുഷ്ദിയുടെ വിവാദനോവലിനെ ദൈവദ്രോഹപരമെന്നാണ് ഇസ്ലാം മതസ്ഥരായ ചിലർ വിശേഷിപ്പിച്ചിരുന്നത്.















