കോഴിക്കോട്: മുക്കം ഉപജില്ലാ കലോത്സവത്തിനിടെ കൂട്ടത്തല്ല്. രണ്ട് സ്കൂളുകളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് തമ്മിലടിച്ചത്. പോയിന്റിന്റെ പേരിൽ തുടങ്ങിയ വാക്കുതർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. വിദ്യാർത്ഥികൾ തമ്മിലാണ് ആദ്യം തർക്കമുണ്ടായത്. ഇത് പിന്നീട് അദ്ധ്യാപകർ ഏറ്റെടുത്തതോടെ കലോത്സവവേദി തല്ലുവേദിയായി.
ഉപജില്ലാ കലോത്സവത്തിന്റെ ഓവറോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും കൊടിയത്തൂർ പി.ടി.എം ഹയർ സെക്കന്ററി സ്കൂളുമാണ് ഏറ്റവുമധികം പോയിന്റുകൾ നേടിയത്. അതിനാൽ ട്രോഫി രണ്ട് സ്കൂളുകൾക്കുമായി പങ്കിടാനായിരുന്നു തീരുമാനം. എന്നാൽ തങ്ങളാണ് യാഥാർത്ഥ ചാമ്പ്യന്മാർ എന്ന് അവകാശപ്പെട്ട് നീലേശ്വരം സ്കൂൾ അധികൃതർ രംഗത്തെത്തി. ഇതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
പി.ടി.എം സ്കൂൾ അനധികൃതമായി മത്സരാർത്ഥികളെ തിരുകി കയറ്റിയെന്നും വിധി നിർണയത്തിൽ കൃത്രിമം കാണിച്ചുവെന്നും നീലേശ്വരം സ്കൂൾ അധികൃതർ വാദിച്ചു. ഇതോടെ വിദ്യാർത്ഥികൾ പരസ്പരം തമ്മിലടിക്കാൻ തുടങ്ങി. ഒടുവിൽ വിദ്യാർത്ഥികളെ പിടിച്ചുമാറ്റാനെത്തിയ അദ്ധ്യാപകരും തമ്മിലടിക്കുകയായിരുന്നു.