മുംബൈ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദേശീയ അധ്യക്ഷനായി പ്രൊഫ. രാജ്ശരൺ ഷാഹിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച മുംബൈയിലെ എബിവിപി ആസ്ഥാനത്ത് നടന്ന സംഘടനാ തെരഞ്ഞെടുപ്പിലാണ് ദേശീയ അധ്യക്ഷനെയും ദേശീയ ജനറൽ സെക്രട്ടറിയെയും നിശ്ചയിച്ചത്.
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നവംബർ 22, 23 24 തീയതികളിൽ നടക്കാനിരിക്കുന്ന 70-ാം എബിവിപി ദേശീയ സമ്മേളനത്തിൽ ഇരുവരും ചുമതല ഏറ്റെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറും ദേശീയ നിർവാഹക സമിതി അംഗവുമായ പ്രൊഫ. പ്രശാന്ത് സേത്ത് അറിയിച്ചു.
ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ രാജ്ശരൺ ഷാഹി
ലഖ്‌നൗവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കർ സർവ്വകലാശാലയിൽ അധ്യാപകനാണ്. അദ്ദേഹത്തിന്റെ 112 ഓളം ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ദേശീയ, അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിലെ ദേശീയ വിദ്യാഭ്യാസ നയ നിർവഹണ സമിതി അംഗമാണ്.
സാമൂഹിക, വിദ്യാഭ്യാസ വിഷയത്തിൽ ഗഹനമായ പാണ്ഡിത്യമുള്ള രാജ്ശരൺ ഷാഹി എബിവിപിയുടെ ഗോരഖ്പൂർ മഹാനഗർ, ഗോരക്ഷാ പ്രാന്ത് അധ്യക്ഷനായും ദേശീയ ഉപാദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എബിവിപി ദേശീയ അധ്യക്ഷനായി തുടർച്ചയായി മൂന്നാം തവണയാണ് രാജ്ശരൺ ഷാഹി തെരഞ്ഞെടുക്കപ്പെട്ടത്.
മധ്യപ്രദേശിലെ ഉദയ്‌നഗർ (ഇണ്ടോർ ജില്ല) സ്വദേശിയാണ് ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ.വീരേന്ദ്ര സിംഗ് സോളങ്കി. അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ നിന്ന് എംബിബിഎസ് പൂർത്തീകരിച്ച അദ്ദേഹം ഇൻഡോറിലെ ഗവൺമെന്റ് ഓട്ടോണമസ് അഷ്ടാംഗ ആയുർവേദ കോളേജ് & ഹോസ്പിറ്റലിൽ താത്കാലിക മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ്.നിലവിൽ നീറ്റ് പിജി പരീക്ഷാർത്ഥിയാണ് അദ്ദേഹം.
അലോപ്പതി വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് എബിവിപി ആരംഭിച്ച മെഡിവിഷൻ സംഘടനയുടെ ദേശീയ കൺവീനറായിരുന്ന അദ്ദേഹം മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്ന വിവിധ പ്രശ്‌നങ്ങൾക്ക് പ്രതിവിധി കണ്ടെത്താനായി അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട്.
കോളേജ് യൂണിറ്റ് പ്രസിഡന്റ്, ഇൻഡോർ നഗർ സെക്രട്ടറി, മെഡിവിഷൻ സംസ്ഥാന കൺവീനർ, കേന്ദ്ര പ്രവർത്തക സമിതി അംഗം, ദേശീയ മെഡിവിഷൻ കൺവീനർ, ദേശീയ സെക്രട്ടറി എന്നീ സുപ്രധാന പദവികൾ വിരേന്ദ്ര സിംഗ് സോളങ്കി വഹിച്ചിട്ടുണ്ട്.