എറണാകുളം : നടൻ ജോജു ജോർജ് സംവിധാനം ചെയ്ത് അഭിനയിച്ച മലയാളം ചിത്രമായ “പണി” യ്ക്ക് യു/എ സർട്ടിഫിക്കേഷൻ നൽകിയതിനെതിരായ ഹർജി പരിഗണിക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു. മാതാപിതാക്കളുടെ മാർഗനിർദേശത്തോടെയുള്ള അനിയന്ത്രിതമായ പൊതു പ്രദർശനമാണ് യു/എ സർട്ടിഫിക്കേഷൻ കൊണ്ടുദ്ദേശിക്കുന്നത്. ഒക്ടോബർ 24ന് റിലീസ് ചെയ്ത “പണി” ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
ഈ സിനിമയിൽ അശ്ലീല സംഭാഷണങ്ങളും രംഗങ്ങളും അക്രമവും അടങ്ങിയതിനാൽ സിനിമയ്‌ക്ക് യു/എ സർട്ടിഫിക്കേഷൻ നൽകിയത് അനുചിതമാണെന്നും അത് കുട്ടികൾക്ക് അനുയോജ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. സിനിമ കുട്ടികളെ പ്രതികൂലമായി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ സിനിമാട്ടോഗ്രാഫ് നിയമപ്രകാരം യു/എ സർട്ടിഫിക്കേഷനുപകരം ചിത്രത്തിന് മുതിർന്നവർ മാത്രം കാണുന്ന എ സർട്ടിഫിക്കേഷൻ നൽകണമെന്നും ഹർജിക്കാരൻ വാദിച്ചു.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെ (സിബിഎഫ്‌സി) സമീപിച്ചതിനാൽ ഹർജിക്കാരന് ഹർജി പിൻവലിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ , ജസ്റ്റിസ് എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ച് അനുമതി നൽകി. ഹർജിക്കാരൻ സമർപ്പിച്ച പരാതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.















