ഹുബ്ബള്ളി (കർണാടക): വഖഫ് (ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട പാർലമെൻ്റിന്റെ സംയുക്ത സമിതി അധ്യക്ഷൻ ജഗദാംബിക പാൽ വ്യാഴാഴ്ച കർണാടകയിലെത്തി. സംസ്ഥാനത്തെ അതി ഭീകരമായ വഖ്ഫ് അധിനിവേശത്തിന്റെ ഇരകളെ അദ്ദേഹം സന്ദർശിച്ചു. ഹുബ്ബള്ളി, വിജയപുര, ബെലഗാവി എന്നിവിടങ്ങൾ സന്ദർശിച്ച അദ്ദേഹത്തിന് കർഷകരിൽ നിന്നും വഖ്ഫ് അധിനിവേശത്തെക്കുറിച്ചുള്ള അഞ്ഞൂറിലധികം പരാതികൾ ലഭിച്ചു.
തങ്ങളുടെ ഭൂമി അന്യായമായി വഖഫ് ബോർഡിന്റെ സ്വത്താണെന്ന് അവകാശപ്പെടുന്നതായി കാണിച്ചുകൊണ്ട് വിജയപുര, ബിദാർ, കലബുറഗി, ഹുബ്ലി, ബാഗൽകോട്ട്, ബെൽഗാം എന്നിവിടങ്ങളിലെ കർഷകരിൽ നിന്ന് ജഗദാംബിക പാലിന് അഞ്ഞൂറോളം പരാതികൾ ലഭിച്ചതായി ജെപിസി അംഗം തേജസ്വി സൂര്യ എംപിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
“സത്യം അന്വേഷിക്കാനും ദുരിതബാധിതരെ കാണാനുമാണ് ഞാൻ സംസ്ഥാനം സന്ദർശിച്ചത്. കർഷകരിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും ബന്ധപ്പെട്ട രേഖകളും നിവേദനങ്ങളും ലഭിച്ചിട്ടുണ്ട്. അവയെല്ലാം സംയുക്ത പാർലമെൻ്ററി സമിതിയിൽ ചർച്ച ചെയ്ത് റിപ്പോർട്ടിൽ ഉൾപ്പെടുത്തും” ജഗദാംബിക പാൽ ഉറപ്പുനൽകി.
കോൺഗ്രസ് സർക്കാർ ലാൻഡ് ജിഹാദ് നടത്തുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജെപി പ്രതിഷേധം നടത്തുകയാണ്. വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.















