തിരുവനന്തപുരം: തുലാവർഷം ശക്തമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ് പ്രവചിച്ചിരിക്കുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവും ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ നിന്നും അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മരങ്ങൾ കടപുഴകി വീഴാൻ സാദ്ധ്യതയുള്ളതിനാൽ വീടിനോട് ചാഞ്ഞ് നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ ശ്രദ്ധിക്കുക.
ഇടിമിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്. മത്സ്യത്തൊഴിലാളികൾ ഈ സമയങ്ങളിൽ മത്സ്യബന്ധനത്തിനായി പോകരുതെന്നും നിർദേശമുണ്ട്.















