മലപ്പുറം: കഴിഞ്ഞ ദിവസം മുതൽ കാണാതായ മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പി ബി ചാലിബ് ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടു. കർണാടകയിൽ നിന്നാണ് ചാലിബ് വിളിച്ചത്. ജോലി സംബന്ധമായ മാനസിക പ്രയാസങ്ങൾ കാരണം നാട്ടിൽ നിന്നും വിട്ടുനിന്നതാണെന്ന് ഇദ്ദേഹം പറഞ്ഞതായി ബന്ധു പ്രദീപ് പറഞ്ഞു.
വീട്ടിലേക്ക് വൈകാതെ തിരിച്ചെത്തുമെന്നും മറ്റാരും കൂടെയില്ലെന്നും ചാലിബ് പറഞ്ഞെന്നും ബന്ധുക്കൾ വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ട് മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ഓഫീസിൽ നിന്നും ജോലി കഴിഞ്ഞെത്തുമ്പോൾ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും കാണാതായതോടെ ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചാലിബ് ഉഡുപ്പിക്ക് സമീപമെത്തിയതായി കാണിച്ചിരുന്നു. എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായും പൊലീസ് കണ്ടെത്തി. ഇതിനിടയിലാണ് ചാലിബ് ഭാര്യയുമായി ബന്ധപ്പെട്ടത്.















