ധാക്ക: സമൂഹമാദ്ധ്യമത്തിലെ പോസ്റ്റുകളുടെ പേരിൽ ചിറ്റഗോങ്ങിൽ ഹിന്ദുക്കൾക്കെതിരെ ആക്രമണം അഴിച്ചുവിട്ട തീവ്രവാദ സംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്നും, രാജ്യത്തെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബംഗ്ലാദേശിനോട് ആവശ്യമുന്നയിച്ച് ഇന്ത്യ. ഹിന്ദുക്കൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെതിരെ പ്രതിഷേധിച്ചവരെ സൈനിക ഉദ്യോഗസ്ഥരും ഇസ്ലാമിക മതമൗലികവാദികളും തല്ലിച്ചതക്കുകയായിരുന്നു.
ചിറ്റഗോങ്ങിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ആക്രമണത്തിന്റെ നിരവധി വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും, ഇത് അംഗീകരിക്കാനാകുന്ന കാര്യമല്ലെന്നും അദ്ദേഹം പറയുന്നു. ന്യൂനപക്ഷങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് ബംഗ്ലാദേശിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
” ചിറ്റഗോങ്ങിൽ കഴിഞ്ഞ ദിവസം ചില സംഘർഷങ്ങളുണ്ടായി. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ചില പോസ്റ്റുകളുമായി ബന്ധപ്പെട്ടാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. പ്രകോപനപരവും ഹിന്ദു സമൂഹത്തെ അധിക്ഷേപിക്കുന്നതുമായ പോസ്റ്റുകളായിരുന്നു അവ. അതിൽ പ്രതിഷേധിച്ചവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിരിക്കുകയാണ്. ഹിന്ദുക്കളുടെ നിരവധി സ്വത്തുക്കളടക്കം ഇക്കൂട്ടർ കൊള്ളയടിച്ചു.
തീവ്രവാദ ശക്തികളാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ. സാമുദായിക സംഘർഷങ്ങൾക്ക് കാരണമാകുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം തീവ്രവാദ ശക്തികളെ നിയന്ത്രിച്ച് നടപടിയെടുക്കണമെന്നും, ഹിന്ദുക്കളുടേയും ന്യൂനപക്ഷങ്ങളുടേയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബംഗ്ലാദേശിലെ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്. ഒക്ടോബർ 12ന് ബംഗ്ലാദേശിലെ പൂജാ മണ്ഡപത്തിലുണ്ടായ ആക്രമണവും മോഷണവുമെല്ലാം അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ്. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങളുടേയും അവരുടെ ആരാധനാലയങ്ങളുടേയും സുരക്ഷ ഉറപ്പാക്കണമെന്നും” രൺധീർ ജയ്‌സ്വാളിന്റെ പ്രസ്താവനയിൽ പറയുന്നു.















