വളരെ വിചിത്രമായ ഒരു കണ്ടെത്തലിൽ ഞെട്ടി നെതർലൻഡ്‌സിലെ ജനങ്ങൾ. ഉട്രെക്റ്റിലെ ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ നഗരത്തിലെ ഒരു കനാലിൽ ഭീമാകാരമായ, തിളങ്ങുന്ന കായ്കൾ കണ്ടെത്തുകയായിരുന്നു. അന്യഗ്രഹ ജീവികളുടെയോ ദിനോസറിന്റെയോ മുട്ടകൾ ആയിരിക്കുമോ ഇത് എന്ന് അവർ ഭയപ്പെട്ടു. ഒരു സയൻസ് ഫിക്ഷൻ സിനിമയിൽ കാണുന്നതുപോലെ അസാധാരണവും അവിശ്വസനീയവുമായ കാഴ്ചയാണ് കനാലിൽ കണ്ടത്. സംഭവം ചർച്ചയായതോടെ വിചിത്രമായി കാണപ്പെടുന്ന ഈ കായ്കൾക്ക് പിന്നിലെ കാരണം വിദഗ്ധർ വെളിപ്പെടുത്തി.
തിളങ്ങുന്ന ഓറഞ്ച് കായ്കൾ കനാലിന്റെ കരയിൽ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. അവ തെളിച്ചമുള്ളതായി കാണപ്പെട്ടു. ഇത് എന്താണെന്ന് അറിയാനും ഇതിന് പിന്നിലെ കാരണം അറിയാനും ജനങ്ങൾ തടിച്ച് കൂടി. വിദഗ്ധർ ഉടനടി സംഭവ സ്ഥലത്തെത്തി കായ്കൾ പരിശോധിച്ചു. ഇത് ബ്രയോസോവാൻ ആണെന്ന് അവർ വിശദീകരിച്ചു. മുട്ടകളുടെ കൂട്ടങ്ങളെപ്പോലെ വലിയ കോളനികൾ ഉണ്ടാക്കുന്ന ചെറിയ കടൽ ജീവികൾ. നെതർലൻഡ്‌സിൽ ഇത്രയും വലിപ്പമുള്ള ബ്രയോസോവുകളെ കാണുന്നത് ഇതാദ്യമായാണ്. ഉട്രെക്റ്റിൽ ബ്രയോസോവുകളെ കണ്ടെത്തുന്നത് സാധാരണമല്ലെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞയായ ആനി നിജ്സ് പറഞ്ഞു.
എന്നാൽ വളരെ സവിശേഷമായ ബ്രയോസോവാൻ എങ്ങനെ കനാലിൽ എത്തിയെന്ന് ശാസ്ത്രജ്ഞർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അതിനെപ്പറ്റി അവർ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. വലിയ കൂട്ടങ്ങളായി ജീവിക്കുന്ന ചെറിയ ജീവികളാണ് ബ്രയോസോവാൻ. ഓരോ ജീവിയും വളരെ ചെറുതാണ്. ഏകദേശം ഒരു ഡോട്ടിന്റെ വലിപ്പം. എന്നാൽ ഇവ കൂടിച്ചേർന്ന് ഒരു വലിയ കോളനി സൃഷ്ടിക്കുന്നു. അത് മുട്ടകളുടെ ഒരു കൂട്ടം അല്ലെങ്കിൽ ഒരു വലിയ തിളങ്ങുന്ന പിണ്ഡം പോലെയാകും. ചില കോളനികൾക്ക് 2 മീറ്റർ വരെ വളരാൻ കഴിയും. അതായത് ഏകദേശം 6 അടി. സാധാരണയായി തടാകങ്ങളിലോ സമുദ്രങ്ങളിലോ ബ്രയോസോവുകളെ കണ്ടെത്താൻ കഴിയും. എന്നാൽ ഇത് പോലെയുള്ള നഗര കനാലുകളിൽ അവ കണ്ടെത്തുന്നത് അസാധാരണമാണ്.















