തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലി വീടിനുള്ളിൽ വെടിയുണ്ട പതിച്ച ഞെട്ടൽ മാറുന്നതിന് മുന്നേ പ്രദേശവാസികളെ വീണ്ടും ഭീതിയിലാഴ്‌ത്തി മറ്റൊരു വെടിയുണ്ട കണ്ടെടുത്തു. ഇന്ന് രാവിലെയാണ് സംഭവം.
മലയൻകീഴ് സ്വദേശികളായ ആനന്ദും കുടുംബവും വാടയ്കയ്‌ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം വെടിയുണ്ട പതിച്ചത്. ഇവിടെ നിന്നും നൂറ് മീറ്റർ മാറിയാണ് അടുത്ത വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.
സ്ഥലത്ത് പരിശോധനകൾ നടത്തിയതായും വെടിയുണ്ട കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർച്ചയായി വെടിയുണ്ടകൾ കണ്ടെത്തുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ. ഇതിന് മുൻപും നിരവധി തവണ വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മലയിൻകീഴ് മൂക്കുന്നിമല ഫയറിംഗ് സ്റ്റേഷനിൽ നിന്നും ലക്ഷ്യം തെറ്റിയെത്തുന്ന വെടിയുണ്ടകളാണിതെന്നാണ് പ്രാഥമിക നിഗമനം. 2014 മുതൽ ഇത്തരത്തിൽ ലക്ഷ്യം തെറ്റിയെത്തിയ വെടിയുണ്ടകൾ നാട്ടുകാർ പലപ്പോഴായി കണ്ടെടുത്തിട്ടുണ്ട്.
2014ൽ പുകവലിയൂർക്കോണം സ്വദേശിനിയായ ഓമനയുടെ വയറ്റിൽ വെടിയുണ്ട തുളച്ചുകയറി പരിക്കേറ്റിരുന്നു. 2015ലും 2018ലും വിളവൂർക്കൽ സ്വദേശികളായ രാമസ്വാമിയുടെയും അജിത്തിന്റെയും വീടുകളുടെ ജനലുകൾ തുളച്ച് വെടിയുണ്ടകൾ പതിച്ചിരുന്നു.















