മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ശ്രീനിവാസൻ ചിത്രങ്ങളിലൊന്നാണ് ചിന്താവിഷ്ടയായ ശ്യാമള. ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത്, അഭിനയിച്ച ചിത്രത്തിന് അന്നും ഇന്നും ആരാധകർ ഏറെയാണ്. 1998-ൽ പുറത്തിറങ്ങിയ സിനിമ അക്കാലത്ത് വലിയ ഹിറ്റായിരുന്നു. ചിത്രത്തിൽ നായികയായെത്തിയ നടി സംഗീത മാധവന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം ചിത്രത്തെക്കുറിച്ച് വാചാലയാവുകയാണ് സംഗീത. പുതിയ ചിത്രമായ ആനന്ദ് ശ്രീബാലയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിച്ചതിനെ കുറിച്ചുള്ള ഓർമ്മകൾ താരം പങ്കുവയ്‌ക്കുന്നത്.
ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോൾ അതിന്റെ വാല്യുവിനെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് ശ്യാമള. ആ സിനിമ ഇത്ര ഹിറ്റാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ശ്രീനിവാസൻ എന്ന കഥാപാത്രത്തിന്റെ വാല്യു എന്താണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ശ്യാമളയുടെ വാല്യു എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ സിനിമ എനിക്ക് എപ്പോഴും സ്പെഷ്യലാണ്. ഇന്നും എന്നെ പലരും ശ്യാമള എന്നാണ് വിളിക്കുന്നത്. അത് കേൾക്കുമ്പോൾ ഞാനും തിരിഞ്ഞ് നോക്കാറുണ്ട്. അത്രയധികം ജനങ്ങൾ ഏറ്റെടുത്ത സിനിമയാണിത്.
മമ്മൂക്കയുടെയും സുരേഷേട്ടന്റെയും ഒപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ഏറെ കണക്ടായ സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള. ആ കഥാപാത്രം ചെയ്തതിന് ശേഷം എല്ലാവരും എന്നെ വീട്ടിലുള്ള ആളായാണ് കാണുന്നത്. പ്രേക്ഷകരുടെ സ്നേഹം ഇന്നും എനിക്കും കിട്ടുന്നുണ്ട്. അവരെ ആരാധകർ എന്ന് പറയാനാകില്ല. എന്നെ സ്നേഹിക്കുന്നവരാണവർ.
എനിക്ക് കിട്ടിയിട്ടുള്ള കഥാപാത്രങ്ങളൊന്നും ഞാൻ ക്രിയേറ്റ് ചെയ്തതല്ല. നല്ല ക്രിയേറ്റേഴ്സിന്റയൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു. അതുകൊണ്ടാണ് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചതെന്നും സംഗീത പറഞ്ഞു.