കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പിപി ദിവ്യയ്‌ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ പികെ ശ്രീമതി നടത്തിയ പ്രതികരണം ചർച്ചയാകുന്നു. കൊലപാതകവും ബലാത്സംഗവും പോലുളള കുറ്റങ്ങൾക്ക് പോലും ജാമ്യം അനുവദിക്കുന്നുണ്ടെന്നും ദിവ്യയ്‌ക്ക് നീതി നിഷേധിക്കാൻ പാടില്ല, ജാമ്യം ലഭിച്ചതിൽ വളരെ സന്തോഷമെന്നും ആയിരുന്നു ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അദ്ധ്യക്ഷയായ പികെ ശ്രീമതിയുടെ പ്രതികരണം. ഒരു സ്വകാര്യ ചാനലിനോട് നടത്തിയ പ്രതികരണത്തിലാണ് പികെ ശ്രീമതിയുടെ മറുപടി.
‘വളരെ സന്തോഷമുണ്ട് ജാമ്യം കിട്ടിയതിൽ. ജാമ്യം ഇത്തവണ കിട്ടും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്. കാരണം കഴിഞ്ഞ കുറച്ച് ദിവസമായി അവൾ ജയിലിൽ കിടക്കുകയാണ്. മനപ്പൂർവ്വമല്ലാത്ത നിർഭാഗ്യകരമായ സംഭവമെന്ന് മാത്രമേ അതിനെ പറയാൻ പറ്റു. ദിവ്യയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിൽ മനപ്പൂർവ്വം ഉണ്ടായിട്ടുളളതല്ല’.
‘കുറച്ച് ദിവസങ്ങളായി ജയിലിൽ കിടക്കുന്ന ദിവ്യയ്‌ക്ക് ഇപ്പോഴും ജാമ്യം കിട്ടിയില്ലെങ്കിൽ വലിയ ഒരു വിഷമം ഉണ്ടായേനെ. ഏതൊരാൾക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല. ദിവ്യയ്‌ക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല. ഈ വിധി സന്തോഷം തരുന്നതാണ്. ഏത് ഭീകരമായ കുറ്റത്തിനും, മനപ്പൂർവ്വം ചെയ്തിട്ടുളള കൊലപാതകം, ബലാത്സംഗം പോലുളള കുറ്റങ്ങൾക്ക് പോലും ജാമ്യം അനുവദിക്കുന്നുണ്ടെന്നത് മറക്കാൻ പാടില്ല. ചെയ്യണമെന്ന് വിചാരിച്ച് ചെയ്തതല്ല എഡിഎം ആത്മഹത്യ ചെയ്തത് ഏറ്റവും നിർഭാഗ്യകരമായി പോയി’ പികെ ശ്രീമതി പറഞ്ഞു.
ഉണ്ടായ സംഭവങ്ങളെക്കുറിച്ച് പാർട്ടി പരിശോധിച്ച് അപാകതകൾ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ ഉണ്ടായത്. ദിവ്യയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പാർട്ടി തയ്യാറായിരുന്നു. കഴിഞ്ഞ ഏതാനും തവണ ജാമ്യം നിഷേധിച്ചു അന്നൊന്നും ഞാൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം. ദിവ്യയ്‌ക്ക് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. പത്തനംതിട്ടയിലെ സിപിഎം നേതൃത്വവും ഇത നിലപാടിലാണ്. എന്നാൽ ദിവ്യയെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്‌ക്കുന്ന സമീപനമാണ് കണ്ണൂരിലെ പാർട്ടി നേതൃത്വം സ്വീകരിക്കുന്നത്.
കണ്ണൂർ കളക്ടറേറ്റിൽ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച തന്റെ യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെ എത്തി പിപി ദിവ്യ അപമാനിച്ചതിൽ മനംനൊന്തായിരുന്നു എഡിഎം നവീൻ ബാബുവിന്റെ മരണം. 14 ദിവസത്തിലധികം ഒളിവിൽ കഴിഞ്ഞ ശേഷം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിവ്യ ഒടുവിൽ കീഴടങ്ങിയത്.