മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 12 ദിവസം പോലും തികച്ചില്ല, എന്നിട്ടും മഹാവികാസ് അഘാഡി (MVA) സഖ്യത്തിൽ അടിപിടി അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആരു മുഖ്യമന്ത്രിയാകും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിലാണ് MVA മുന്നണിയിൽ ലഹള നടക്കുന്നത്. ഡ്രൈവർ സീറ്റിൽ ആര് ഇരിക്കുമെന്ന തർക്കമാണ് മഹാവികാസ് അഘാഡിയിൽ. ബെല്ലും ബ്രേക്കും ചക്രങ്ങളുമില്ലാത്ത വണ്ടിക്ക് തുല്യമാണ് എംവിഎ എന്നും പ്രധാനമന്ത്രി വിമർശിച്ചു.
എംവിഎ സർക്കാർ അധികാരത്തിൽ വന്നാൽ പിന്നെ എല്ലാ വികസനപ്രവർത്തനങ്ങൾക്കും സർക്കാർ നയങ്ങൾക്കും അടിമുടി തടസമാകുമെന്ന് മഹാരാഷ്‌ട്രയിലെ ജനങ്ങൾക്കറിയാം. കാരണം എംവിഎ സർക്കാർ ഭരിച്ച 2.5 വർഷം അവർ കണ്ടതാണ്. സംസ്ഥാനത്തിന് ആവശ്യമായ ഭരണം കാഴ്ചവെക്കാൻ ബിജെപി നയിക്കുന്ന സഖ്യത്തിന് മാത്രമേ കഴിയൂവെന്ന് ജനങ്ങൾക്കറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രചാരണങ്ങളിൽ പങ്കെടുക്കാൻ ധൂലെയിൽ എത്തിയപ്പോഴായിരുന്നു നരേന്ദ്രമോദിയുടെ പരാമർശം. അടുത്തയാഴ്ച സംസ്ഥാനത്തുടനീളം എട്ട് റാലികളിൽ മോദി പങ്കെടുക്കുമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്.
ഇന്ത്യയിലെ വനവാസി സമൂഹങ്ങളെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് നരേന്ദ്രമോദി വിമർശിച്ചു. രാജ്യത്തെ എല്ലാ വനവാസി വിഭാഗങ്ങൾക്കിടയിലും ഭിന്നത സൃഷ്ടിക്കുക എന്നതാണ് കോൺഗ്രസ് അജണ്ട. ഇതേ ഗൂഢാലോചന മതഗ്രൂപ്പുകൾക്കിടയിൽ കോൺഗ്രസ് പരീക്ഷിച്ചപ്പോഴാണ് അത് ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ചതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.
ഇപ്പോൾ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവരെ പരസ്പരം തമ്മിലടിപ്പിക്കാനാണ് കോൺഗ്രസ് നീക്കങ്ങൾ നടത്തുന്നത്. എന്നാൽ ഐക്യത്തോടെ നിൽക്കുന്നിടത്തോളം കാലം നിങ്ങൾ ശക്തമായി നിലകൊള്ളുക തന്നെ ചെയ്യുമെന്ന് നരേന്ദ്രമോദി ജനങ്ങളോട് പറഞ്ഞു.