ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെ തല്ലിച്ചതച്ച് ‘രക്ഷാപ്രവർത്തനം’ നടത്തിയ സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെയുള്ള കേസുകൾ തള്ളണമെന്ന ഹർജി കോടതി തള്ളി. ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് നവകേരള സദസിനിടെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ചത്. മർദ്ദനത്തിന് തെളിവില്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ഇതിനുപിന്നാലെ കേസ് എഴുതി തള്ളണമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു.
കേസിൽ വാദി ഭാഗമായ കോൺഗ്രസ് പ്രവർത്തകർ ഹാജരാക്കിയ തെളിവുകൾ പരിഗണിച്ച കോടതി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് തള്ളിക്കളയുകയായിരുന്നു. കേസിൽ തുടരന്വേഷണം നടത്തണമെന്നും കർശന നിർദേശം നൽകി.















