മുംബൈ: നാഗ്പൂരിൽ പ്രതിപക്ഷ നേതാവ് രാഹുൽ പങ്കെടുത്ത പരിപാടിയിൽ വിതരണം ചെയ്തത ഇന്ത്യൻ ഭരണഘടനയുടെ പകർപ്പിനെ ചൊല്ലി വിവാദം. സംവിധാൻ സമ്മാൻ സമ്മേളനത്തിൽ നൽകിയ പകർപ്പിനുള്ളിൽ വെറും പേപ്പർ മാത്രമാണ് ഉണ്ടായിരുന്നത്. മഹാരാഷ്‌ട്ര ബിജെപി സോഷ്യൽ മീഡിയയിൽ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ” ഇന്ത്യൻ ഭരണഘടന” എന്ന് രേഖപ്പെടുത്തിയ പുസ്തകത്തിൽ വെറും വെള്ള പേപ്പർ മാത്രമാണുള്ളത്.
കോൺഗ്രസിന്റെ നടപടി ഭരണഘടനയെയും ഡോ.ബിആർ അംബേദ്കറെയും അവഹേളിച്ചതിന് തുല്യമാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. ഭരണഘടനയെയും അംബേദ്കറെയും കോൺഗ്രസ് നിരവധി തവണ അവഹേളിച്ചിട്ടുണ്ട്. രണ്ട് തവണ അംബേദ്കറെ ഇവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി. നെഹ്‌റുവും ഇന്ദിരയും രാജീവും സംവരണത്തെ എതിർത്തവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
രാഹുൽ കൊണ്ടുനടക്കുന്ന ഭരണഘടനാ പകർപ്പിന്റെ നിറത്തിനെതിരെയും വിമർശനം ഉയർന്നു. “അർബൻ നക്‌സലുകളോടും അരാജകവാദികളോടും” ഉള്ള രാഹുലിന്റെ ചായ്‌വാണ് ചുവപ്പ് സൂചിപ്പിക്കുന്നതെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം, അത് ഭരണഘടനയല്ലെന്നും വെറും നോട്ട് പേഡാണെന്നും പറഞ്ഞ് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. എന്നാൽ കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ എന്ന് വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയത് ആളെ പറ്റിക്കാനാണോ എന്ന ചോദ്യമാണ് ഉയരുന്നത്.















