ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അവാസന പ്രവൃത്തിദിനമായിരുന്നു ഇന്ന് (ഒക്ടോബർ എട്ട്). ജുഡീഷ്യൽ സർവീസിൽ നിന്ന് വിരമിക്കുന്ന ചന്ദ്രചൂഡിന് സുപ്രീംകോടതിയിൽ വച്ച് സഹപ്രവർത്തകർ ആചാരപരമായ യാത്രയയപ്പ് നൽകി. സെറിമോണിയൽ ബെഞ്ചിന്റെ ഓൺലൈൻ സ്ട്രീമിംഗിലൂടെ രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ പടിയിറക്കം തത്സമയം വീക്ഷിച്ചു. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, കപിൽ സിബൽ, എന്നിവരെല്ലാം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ ആശംസിച്ചുകൊണ്ട് പ്രസംഗിച്ചു. ജൂഡീഷ്യറിക്ക് ഡിവൈ ചന്ദ്രചൂഡ് നൽകിയ സംഭാവനകൾ സഹപ്രവർത്തകർ എടുത്തുപറഞ്ഞു.
സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ചുമതലയിൽ ഇരുന്ന അവസാന നിമിഷം വികാരനിർഭരമായാണ് ഡിവൈ ചന്ദ്രചൂഡ് സംസാരിച്ചത്. ആരെയെങ്കിലും എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കസേരയിൽ ഇരുന്നപ്പോഴെല്ലാം കോടതിയാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് യാത്രയയപ്പ് നൽകിയ സെറിമോണിയൽ ബെഞ്ചിലെ അഭിഭാഷകരുടെ സാന്നിധ്യത്തിനും ചന്ദ്രചൂഡ് നന്ദി പറഞ്ഞു.
“ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിച്ചത്. പരിചയമില്ലാത്ത നിരവധി ആളുകളെ ഇവിടെ വച്ച് കണ്ടുമുട്ടി. ഓരോരുത്തരോടും നന്ദി പറയുകയാണ്. ഇവിടെ നിന്ന് ജീവിതത്തെക്കുറിച്ച് വളരെയധികം പഠിക്കാൻ കഴിഞ്ഞു. പരിഗണിച്ച ഓരോ കേസുകളും വ്യത്യസ്തമായിരുന്നു, സമാനതകളില്ലാത്തതായിരുന്നു. കോടതിയിൽ ആരെയെങ്കിലും എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ദയവായി ക്ഷമിക്കൂ..” സൈൻ ഓഫ് ചെയ്യുന്നതിന് മുമ്പായി അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായിരുന്നു ഡിവൈ ചന്ദ്രചൂഡ്. പദവിയിൽ രണ്ട് വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം വിരമിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ചന്ദ്രചൂഡിന്റെ പിൻഗാമിയാവുക. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജാണ് ഖന്ന. നവംബർ 11ന് അദ്ദേഹം ചുമതലയേൽക്കും.















