റിയാദ്: സൗദി ജയിൽ എത്തിയ ഉമ്മയെ കാണാൻ വിസമ്മതിച്ച് കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം. അസീർ ഗവർണറുടെ നിർദ്ദേശപ്രകാരമാണ് ഉമ്മയും സഹോദരനും അമ്മാവനും സൗദിയിൽ എത്തിയത്. എന്നാൽ ജയിലിൽ എത്തിയ ഉമ്മയെ കാണാൻ റഹീം കൂട്ടാക്കിയില്ല.
17 ന് കേസ് പരിഗണിച്ച ശേഷം കാണാമെന്നായിരുന്നു റഹീമിന്റെ നിലപാട്. ” ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അവനെ കാണാൻ പോയത്. നിങ്ങൾ പോയിക്കോ, എനിക്ക് കാണണ്ട എന്നാണ് അവൻ പറഞ്ഞത്. അതിന് ശേഷം അവന്റെ ജയിലിന്റെ ഉള്ളിലേക്ക് എന്നെ കൊണ്ടു പോയി. കണ്ടിട്ട് പോകാമെന്ന് കരഞ്ഞു പറഞ്ഞിട്ടും അവൻ കൂട്ടാക്കിയല്ല. അവൻ എന്റെ മുഖത്ത് പോലും നോക്കിയില്ല. ആരാണ് ഉമ്മയെ കാണണ്ട എന്ന് പറഞ്ഞ് കൊടുത്തതെന്ന് അറിയില്ല. എന്റെ ഒപ്പമുള്ളവരെല്ലാം മോശക്കാരാണെന്നാണ് അവർ പറഞ്ഞത്”, സങ്കടത്തോടെ ഉമ്മ പറഞ്ഞു. 19 വർഷത്തിന് ശേഷമാണ് മകനെ കാണാൻ ഉമ്മ എത്തിയത്.
സൗദി ബാലൻ മരിച്ച കേസിൽ ജയിലിൽ കഴിയുന്ന റഹീമിനെ 34 കോടി രൂപ ദയാധനം നൽകിയാണ് റഹീം നിയമസഹായ സമിതി വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. 18 വർഷമായി കേസ് നടത്തുന്ന റിയാദ് സഹായ സമിതി അറിയാതെയാണ് ഉമ്മയും സഹോദരനും സൗദിയിൽ എത്തിയത്. തന്നെ രക്ഷിക്കാൻ പ്രയത്നിച്ചവർക്കെതിരെ കുടുംബം തിരിഞ്ഞതാണ് റഹീമിനെ ചൊടിപ്പിച്ചത്. റഹീമിന്റെ മോചനത്തെ തടസ്സപ്പെടുത്താനാണ് കുടുംബത്തെ സൗദിയിൽ എത്തിച്ചതെന്നാണ് റിയാദ് സമിതി ആരോപിക്കുന്നത്. എന്നാൽ തത്പര കക്ഷികളാണ് റഹീമിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം.